അഭിമന്യു വധം: മൂന്ന് വിദ്യാര്‍ത്ഥിനികള്‍ നിരീക്ഷണത്തില്‍

0
44

കൊച്ചി: മഹാരാജാസ്‌ കോളജ്‌ വിദ്യാര്‍ഥി അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ ഇതേ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ അടക്കം മൂന്നു വിദ്യാര്‍ഥിനികള്‍ പോലീസ്‌ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതി മുഹമ്മദിന്റെ സുഹൃത്തുക്കളാണു മൂവരും. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി വിഭാഗമായ ക്യാമ്പസ്‌ ഫ്രണ്ടുമായി ഇവര്‍ സഹകരിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിച്ച സൂചന.

കൊലപാതകത്തിനുശേഷം പ്രതികളുമായി ഇവര്‍ ഫോണില്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടതിന്‍റെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചുവരുന്നു. അഭിമന്യു വധത്തിനുശേഷം ഈ വിദ്യാര്‍ഥിനികള്‍ ക്യാമ്പസുകളില്‍ എത്തിയിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സ്‌ത്രീകളുടെ പേരിലുള്ള മൊബൈല്‍ സിം കാര്‍ഡുകളാണ്‌ ഒളിവിലുള്ളവര്‍ ഉപയോഗിക്കുന്നതെന്ന വിവരം നേരത്തെ ഉണ്ടായിരുന്നു.

അതേ സമയം അഭിമന്യു വധക്കേസിൽ അറസ്റ്റിലായ മുഹമ്മദിനെയും ഷാനവാസിനേയും റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി കൊച്ചിയിൽ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് ഇരുവരെയും ഹാജരാക്കിയത്. കേസിലെ മുഖ്യ പ്രതിയാണ് മുഹമ്മദ്. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് ഷാനവാസ് അറസ്റ്റിലായത്. കോളേജിലെ ചുവരെഴുത്തിനെ ചൊല്ലിയുളള തർക്കമാണ് കൊലപാകതത്തിന് കാരണമെന്നാണ് മുഹമ്മദിന്‍റെ പ്രാഥമിക മൊഴി. എന്തു വിലകൊടുത്തും കാംപസ് ഫ്രണ്ടിന്‍റെ പേരിൽ ചുവരെഴുതണം എന്നായിരുന്നു എസ്ഡിപിഐ നിർദേശമെന്നും മുഹമ്മദ് മൊഴി നൽകി.