ബാങ്കോങ്: താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീമിലെ അംഗങ്ങളായ 12 കുട്ടികളേയും പരിശീലകനേയും രക്ഷപ്പെടുത്താന്‍ സഹായിച്ച ഇന്ത്യയിലെ കിര്ലോസ്കര് ബ്രദേഴ്സ് ലിമിറ്റഡ് കമ്പനിക്കും ഇന്ത്യന്‍ ഗവണ്മെന്റിനും നന്ദി രേഖപ്പെടുത്തി തായ്ലന്ഡ് സര്‍ക്കാര്‍.
ഡീ വാറ്ററിംഗ് എന്നറിയപ്പെടുന്ന പ്രക്രിയയില്‍ കമ്പനിക്കുള്ള വൈദഗ്ധ്യം ഇന്ത്യന്‍ നയതന്ത്ര കാര്യാലയമാണ് തായ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇന്ത്യ, തായ്ലാന്ഡ്, ബ്രിട്ടന് എന്നിവിടങ്ങളിലെ കമ്പനിയുടെ വിദഗ്ധ സംഘത്തെ ഗുഹാമുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചത് ഇതേതുടര്‍ന്നായിരുന്നു. പൂനൈയാണ് കമ്പനിയുടെ ആസ്ഥാനം.
മണ്ണില്‍ നിന്നും വെള്ളം വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയിലും രക്ഷാ ദൗത്യത്തിനുപയോഗിച്ച പമ്പുകളുടെ കാര്യത്തിലും സാങ്കേതിക സഹായവും ഉപദേശവുമാണ് ഇവര്‍ നല്‍കിയത്. നാലു അത്യാധുനിക സംവിധാനങ്ങളുള്ള ഓട്ടോപ്രൈം ഡിവാട്ടറിങ് പമ്പുകളാണ് കെബിഎല്‍ നല്‍കിയത്. ജൂലൈ അഞ്ചുമുതല്‍ ഗുഹാമുഖത്ത് രക്ഷാസംഘത്തിനൊപ്പം തങ്ങളുടെ വിദഗ്ധരും പങ്കാളികളായിരിന്നുവെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.