നടിമാരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന്​ എ.എം.എം.എ

0
27

കൊച്ചി: നടിമാരുമായി എ.എം.എം.എ ഭാരവാഹികള്‍ ചര്‍ച്ച നടത്തും. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അടുത്തമാസം ഏഴിന് കൊച്ചിയിലാണ് ചര്‍ച്ച നടത്തുക. ഡബ്ല്യൂസിസി ഉന്നയിച്ച ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ തന്നെ എ.എം.എം.എ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം, ജൂണ്‍ 24ന് ചേര്‍ന്ന എ.എം.എം.എ ജനറല്‍ ബോര്‍ഡ് യോഗത്തിന്റെ അജണ്ടയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയലോചിക്കാതെയുമാണെന്നാണ് ഡബ്ല്യൂസിസിയുടെ പരാതി. പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള എ.എം.എം.എ യുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും, അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി എ.എം.എം.എ സ്വീകരിച്ച നടപടികള്‍, അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തും വിധം എ.എം.എം.എയുടെ നിയമാവലി രൂപപ്പെടുത്തണം, സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനയ്ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെടുന്നത്.