യുവതിയെ പീഡിപ്പിച്ച കേസ്‌: ഒളിവില്‍ നിന്ന് ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസിന്റെ വീഡിയോ; ഇരയെ അധിക്ഷേപിച്ച് പരാമര്‍ശം

0
49

തിരുവനന്തപുരം: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ വിശദീകരണവുമായി ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസ്‌. താന്‍ തെറ്റ് ചെയ്തിട്ടിട്ടില്ലെന്ന് യൂ ട്യൂബിലൂടെ  പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം പറയുന്നു. കേസില്‍ ക്രൈംബ്രാഞ്ച് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തിയാണ് എബ്രഹാം തോമസ്.

യുവതി ബലാല്‍സംഗത്തിനിരയായി എന്ന് പറയപ്പെടുന്ന കാലത്ത് താന്‍ സ്ഥലത്തില്ലായിരുന്നു. 2000ല്‍ താനും യുവതിയുമായി പ്രണയത്തിലായിരുന്നെന്നാണ് അവരുടെ പരാതിയില്‍ പറയുന്നത്. അവരുടെ പതിനേഴാം വയസ്സില്‍ താന്‍ ബലാല്‍സംഗം ചെയ്‌തെന്നും പരാതിയിലുണ്ട്. എന്നാല്‍, ഇക്കാലത്തൊക്കെ താന്‍ വൈദികപഠനത്തിനായി മറ്റ് സ്ഥലങ്ങളിലായിരുന്നു. സഭയ്ക്കും ക്രൈബ്രാഞ്ചിനും നല്കിയ പരാതികളില്‍ ബലാല്‍സംഗത്തിനിരയായ സമയത്തെ പ്രായം സംബന്ധിച്ച്‌ വ്യത്യസ്ത കാര്യങ്ങളാണ് യുവതി പറഞ്ഞിരിക്കുന്നത്. ഇത് തന്നെ യുവതിയുടെ മൊഴിയുടെ ആധികാരികത സംശയത്തിനിടയാക്കുന്നതാണെന്ന്‌ എബ്രഹാം വര്‍ഗീസ്‌ പറയുന്നു.

യുവതിയുടെ ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് പറയുന്ന എബ്രഹാം വര്‍ഗീസ്‌ യുവതിക്കും വീട്ടുകാര്‍ക്കും എതിരെ മോശമായ രീതിയില്‍ പ്രതികരിക്കുന്നുമുണ്ട്. എന്നാല്‍ വീഡിയോ വിവാദമായതോടെ വൈദികന്‍ വീഡിയോ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചു.