തിരുവനന്തപുരം: കേരള സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചു. വോട്ടു ചെയ്യാനെത്തിയ സ്വതന്ത്ര കൗണ്‍സിലർമാരെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.
ഇടതു വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയും എഐഎസ്എഫും രണ്ടു ചേരിയിൽ നിന്നായിരുന്നു മത്സരം. കെഎസ്യുവും മത്സര രംഗത്തുണ്ടായിരുന്നു. പക്ഷെ 15 എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ രണ്ടു സീറ്റു നഷ്ടപ്പെട്ടതൊഴിച്ചാൽ ബാക്കി എല്ലാ സീറ്റിലും എസ്എഫ്ഐ ജയിച്ചു.
എഐഎസ്എഫും – കെഎസ്യുവും എക്സിക്യൂട്ടീവില്‍ ഓരോ സീറ്റുകള്‍ നേടി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും യൂണിവേഴ്സിറ്റി കോളജ് വിദ്യാർത്ഥിനിയുമായ ശാമിലി ശശികുമാർ ചെയർപേഴ്സനായും, എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും സംസ്കൃത കോളജ് വിദ്യാത്ഥിയുമായ ശ്രിജിത്ത് ജനറൽ സെക്രട്ടറിയായും വിജയിച്ചു. സെനറ്റ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിനിടെ സംഘർഷത്തിന് സാധ്യതയുള്ളതിനാൽ പൊലീസ് സംരക്ഷണമുണ്ടായിരുന്നു. ഇതിനിടെയും കെഎസ്ഐയുവിനെ പിന്തുണച്ച രണ്ട് സ്വതന്ത്ര കൗണ്‍സിലർമാരെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു. പൊലീസ് വാഹനത്തിലാണ് ഇവരെ പുറത്തെത്തിച്ചത്. രണ്ട് പേരും പരാതി നൽകിയിട്ടില്ലെന്ന് കന്റോണ്‍മെന്റ് പൊലീസ് പറഞ്ഞു