ഗതാഗതക്കുരുക്ക്: വെഞ്ഞാറമൂട്ടില്‍ മേൽപാലം നിർമിക്കാൻ തീരുമാനം

0
61

വെഞ്ഞാറമൂട്: ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ടൗണിൽ അര കിലോമീറ്റർ ദൂരം വരുന്ന മേൽപാലം നിർമിക്കാൻ സാധ്യതാ പഠനത്തിനു തീരുമാനമായി.

മേൽപാല സാധ്യത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡി.കെ.മുരളി എംഎൽഎ പൊതുമരാമത്ത് മന്ത്രിക്കു നിവേദനം നൽകിയിരുന്നു. തുടർന്ന്, റോഡ്–പാലങ്ങൾ വിഭാഗത്തിലെ എൻജിനീയർമാർ, കെഎസ്ടിപി ഉദ്യോഗസ്ഥർ, ഡി.കെ.മുരളി എംഎൽഎ എന്നിവരെ ഒരുമിച്ചു വിളിച്ചു മന്ത്രി യോഗം ചേർന്നു. യോഗം മേൽപാല നിർമാണത്തിന്റെ സാധ്യതാ പഠനത്തിനായി ചീഫ് എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി.

ഇന്നലെ രാവിലെ ഡി.കെ.മുരളി എംഎൽഎ, കെ.ഗണേഷ്‌കുമാർ എംഎൽഎ, ചീഫ് എൻജിനീയർ ജീവരാജ്, എക്സി. എൻജീനീയർ സുരേഷ്, സജു, അസി. എക്സി. എൻജിനീയർ ദീപാ ഓമനക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വെഞ്ഞാറമൂട്ടിലെത്തി.

വെഞ്ഞാറമൂട് ഗവ. യുപിഎസ് ജംക്‌ഷൻ മുതൽ തെക്കോട്ട് പെട്രോൾ പമ്പ് ജംക്‌ഷൻ വരെയുള്ള 500 മീറ്ററാണ് മേൽപാല നിർമാണത്തിനായി പരിഗണിക്കുന്നത്. ഡിസൈൻ തയാറാക്കാനും ഓഗസ്റ്റിൽ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാനും തീരുമാനിച്ചതായി ഡി.കെ.മുരളി അറിയിച്ചു.