ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്ക് ചെലവായത് 1,484 കോടിയെന്ന് കേന്ദ്രസര്‍ക്കാര്‍. 2014 ജൂണ്‍ മുതല്‍ 84 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനാണ് ഇത്രയും തുക ചെലവായത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും, വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കും, ഹോട്ട്ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനും ചെലവായ തുകയാണിത്. രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വി കെ സിങ്ങാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്.
യാത്രകള്‍ക്കായുള്ള പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ പരിപാലനത്തിനായി 1088.42 കോടി രൂപയാണ് ചെലവായത്. 2014 ജൂണ്‍ 15 നും 2018 ജൂണ്‍ പത്തിനും ഇടയിലുള്ള കാലയളവില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി 387.26 കോടി രൂപ ചെലവാക്കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഹോട്ട് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന് 9.12 കോടിയും ചെലവായി. 2017 നും 18 നും ഇടയില്‍ നടത്തിയ വിദേശയാത്രകള്‍ക്കിടയില്‍ ഒരുക്കിയ ഹോട്ട് ലൈന്‍ സംവിധാനത്തിന്റെ ചിലവും 2018 – 19 കാലത്തെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള ചെലവും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ദേശീയ വാര്‍ത്താ ഏജന്‍സി പറയുന്നു.