തുര്‍ക്കിയുടെ പേരില്‍ വംശീയ അധിക്ഷേപം; ജര്‍മനിക്കായി ഇനി കളിക്കില്ലെന്ന് ഓസില്‍

0
39

ബെര്‍ലിന്‍: വംശീയ അധിക്ഷേപം താങ്ങാവുന്നതിനും അപ്പുറത്തേക്ക് എത്തിയതോടെ മനംനൊന്ത് ജര്‍മന്‍ ഫുട്‌ബോള്‍ താരം മെസ്യൂട്ട് ഓസില്‍ രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചു. തുര്‍ക്കി പ്രസിന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനോപ്പം ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് താരത്തിനെതിരെ ജര്‍മനിയില്‍ ഉയര്‍ന്നത്.

ലോകകപ്പില്‍ ജര്‍മനിയുടെ വന്‍ തോല്‍വിയ്ക്ക് കാരണം ഓസിലാണെന്ന് ജര്‍മന്‍ പത്രങ്ങളും മുന്‍താരങ്ങളും പല ആരാധകരും രംഗത്തെത്തിയിരുന്നു. റഷ്യന്‍ ലോകകപ്പില്‍ ഓസിലിന് തിളങ്ങാനാവാതിരുന്നതും ഈ ആഴ്‌സനല്‍ മധ്യനിര താരത്തിന് തിരിച്ചടിയായി.

ടീമിനകത്തും രാജ്യത്തിനകത്തും താങ്ങാവുന്നതിലധികം പരിഹാസവും അനാദരവും കേട്ടതിനാല്‍ കളി മതിയാക്കുന്നുവെന്ന് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന് അയച്ച കത്തില്‍ ഓസില്‍ വ്യക്തമാക്കി. ജര്‍മ്മനിക്കായി വിജയിക്കുമ്ബോള്‍ തന്നെ ജര്‍മ്മന്‍ പൗരനായും ടീം തോല്‍ക്കുമ്ബോള്‍ താന്‍ കുടിയേറ്റക്കാരനായും പരിഗണിക്കുന്ന ഈ സാഹചര്യം താങ്ങാവുന്നതിനും അപ്പുറമാണെന്ന് ഓസില്‍ വെളിപ്പെടുത്തി. ഓസിലിന്റെ കുടുംബം തുര്‍ക്കിയില്‍ നിന്നും കുടിയേറിയവരാണ്.