പാര്‍ട്ടികളുടെ ഭാഗമായ മാധ്യമങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള  വ്യാജവാര്‍ത്തകള്‍ നല്‍കരുത്:  ഷാഫി പറമ്പില്‍

0
67

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വ്യാജവാര്‍ത്തകള്‍ പാര്‍ട്ടികളുടെ ഭാഗമായ മാധ്യമങ്ങള്‍ നല്‍കരുതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ 24 കേരളയോടു പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും തന്നെ പുറത്താക്കി എന്നാണ് ഒരു ചാനലും അതിന്റെ ഓണ്‍ലൈനും വ്യാജ വാര്‍ത്ത നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പദവി രാജി വെച്ചതാണ്. അല്ലാതെ പുറത്താക്കിയതല്ല. രാജി വെയ്ക്കലും പുറത്താക്കലും രണ്ടും രണ്ടാണ്. രാജി വെച്ചയാളിനെ പുറത്താക്കി എന്ന് പറഞ്ഞു വാര്‍ത്ത കൊടുക്കുന്നത് ശരിയായ രീതിയാണോ? ഷാഫി പറമ്പില്‍ ചോദിക്കുന്നു.

വാര്‍ത്തയ്ക്ക് ഇരയാകുന്ന ആള്‍ക്ക് സാമാന്യ നീതി നല്‍കണം. രാജി വെച്ചിട്ടുണ്ടെങ്കില്‍ രാജി വെച്ച് എന്ന് തന്നെ നല്‍കണം. പുറത്താക്കിയാല്‍ പുറത്താക്കി എന്ന് നല്‍കണം. രാജി വെച്ചയാളെ പുറത്താക്കി എന്ന് പറഞ്ഞാണ് ടിവി ചാനലും അതിന്റെ ഓണ്‍ലൈനും വാര്‍ത്ത നല്‍കിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ്‌ തീരുമാനം.

പല കാരണങ്ങളാല്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയാന്‍ മുന്‍പേ തന്നെ ശ്രമം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. മണ്ഡലത്തില്‍ കൂടുതല്‍ സജീവമാകേണ്ടതുണ്ട്. അതിനാല്‍ കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്‍പ് ജനറല്‍ സെക്രട്ടറി പദവി ഒഴിയണം എന്നാണ് ആഗ്രഹിച്ചത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് കര്‍ണാടക തിരഞ്ഞെടുപ്പ് കഴിയും വരെ രാജി നീട്ടിയത്. യൂത്ത് കോണ്‍ഗ്രസിലെ പരിചയ സമ്പന്നര്‍ കര്‍ണാടക പോലുള്ള ഒരു തിരഞ്ഞെടുപ്പ് സമയത്ത് തുടരണം എന്നാണ് ദേശീയ നേതൃത്വം പ്രതികരിച്ചത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇപ്പോള്‍ രണ്ടാഴ്ച മുന്‍പാണ് രാജി വെച്ചത്. എല്ലാം കഴിഞ്ഞ ശേഷമാണ് ടിവി ചാനല്‍ പുറത്താക്കി എന്ന് പറഞ്ഞു വാര്‍ത്ത നല്‍കുന്നത്. പുറത്താക്കിയതല്ലാ എന്ന് ചാനലിനു ബോധ്യമായപ്പോള്‍ വാര്‍ത്ത തിരുത്താനായി ശ്രമം. എന്നെ വിളിച്ചു. പുറത്താക്കിയ വാര്‍ത്ത ശരിയല്ലല്ലോ എന്ന് അങ്ങോട്ട്‌ പറഞ്ഞപ്പോള്‍ വാര്‍ത്ത നല്‍കി പോയല്ലോ എന്നായിരുന്നു പ്രതികരണം.

സത്യാവസ്ഥ അറിയും മുന്‍പ് തന്നെ വാര്‍ത്തയും നല്‍കിയോ എന്ന് ചോദിച്ചപ്പോള്‍ അങ്ങിനെ നല്‍കിപ്പോയി ഇനി ഒരു പ്രതികരണം നല്‍കിയാല്‍ ആ രീതിയില്‍ തിരുത്ത് നല്‍കാം എന്നാണ് ചാനല്‍ പറഞ്ഞത്. രാജി വെച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പ്രശംസാ വാചകങ്ങള്‍ അടങ്ങിയ കത്ത് റിപ്പോര്‍ട്ടര്‍ക്ക് വായിച്ച് കേള്‍പ്പിച്ച് കൊടുത്തു. പുറത്താക്കിയ ആള്‍ക്ക് ഇങ്ങിനെയാണോ ഒരു രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം കത്ത് നല്‍കുക എന്ന് ചോദിച്ചപ്പോള്‍ അതിനും ചാനലിനു മറുപടിയില്ല.

വാര്‍ത്ത നല്‍കുംമുന്‍പ് സത്യാവസ്ഥ തിരക്കേണ്ടതല്ലേ? ഇനി പ്രതികരണം നല്കുന്നില്ലാ എന്ന് അങ്ങോട്ട്‌ പറഞ്ഞു. ഈ വാര്‍ത്തയുടെ ചുവട് പിടിച്ച് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കി. അവര്‍ നല്‍കിയ വാര്‍ത്ത യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് തന്നെ നീക്കി എന്ന വാര്‍ത്ത‍ ഷാഫി പറമ്പില്‍ നിഷേധിച്ചു എന്നാണ്. എന്ത് ചെയ്യും. ഇതാണ് പറയുന്നത് സംഗതികളുടെ സത്യാവസ്ഥ അന്വേഷിച്ച് വാര്‍ത്ത നല്‍കണം എന്ന്.

കര്‍ണാടക തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ക്രമക്കേട് നടത്തി എന്ന പേരിലാണ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് പുറത്താക്കിയത് എന്ന് വിശ്വാസ്യത ജനിപ്പിക്കാന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഒരു എംഎല്‍എ പദവി വഹിക്കുന്ന ഒരു കോണ്‍ഗ്രസ് നേതാവിനെ ഇല്ലാതാക്കാന്‍ ഉള്ള ശ്രമമാണ് നടന്നത്. പ്രതിച്ഛായയില്‍ കരിതേക്കാന്‍ വാര്‍ത്ത വഴി ശ്രമം നടന്നിരിക്കുന്നു. ഇതിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ കൂടിയുണ്ട്.

പാലക്കാട് നിയമസഭാ മണ്ഡലം പിടിച്ചടക്കാന്‍ കഴിയുമോ എന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയും ആര്‍എസ്എസും എല്ലാം ശ്രമങ്ങളും നടത്തിയിരുന്നു. അഗ്രഹാരങ്ങള്‍ കൂടുതല്‍ ഉള്ള പാലക്കാട്‌ ഒട്ടുവളരെ വാര്‍ഡ്‌ കൌണ്‍സിലര്‍മാര്‍ ബിജെപിയ്ക്കുണ്ട്. പാലക്കാട്‌ മുനിസിപ്പല്‍ കൌണ്‍സില്‍ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി ലീഡ് ചെയ്തു. പാലക്കാട്‌ മുന്‍സിപ്പാലിറ്റി ബിജെപി പിടിച്ചു. ഇത് വഴി നിയമസഭാ മണ്ഡലം കൂടി ജയിക്കാന്‍ കഴിയുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു.

18 അഗ്രഹാരങ്ങള്‍ പാലക്കാട്‌ നിയമസഭാ മണ്ഡലത്തിലുണ്ട്. 16 ബിജെപി കൌണ്‍സിലര്‍മാര്‍ ഇവിടെയുണ്ട്. അതിനാല്‍ മണ്ഡലം പിടിക്കാം എന്ന് ബിജെപി കിനാവ് കണ്ടു. കഴിഞ്ഞ തവണ അതായത് 2011ല്‍ 7000 വോട്ടുകള്‍ക്ക് എനിക്ക് വിജയം ലഭിച്ചപ്പോള്‍ ആ ഭൂരിപക്ഷം ഇത്തവണ 17000 വോട്ടുകള്‍ ആയി മാറി.

ബിജെപിയെ സംബന്ധിച്ച് അപ്രതീക്ഷിതം ആയിരുന്നു എന്റെ ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം. ഇതിന്റെ കൊതിക്കെറുവ്‌ തീര്‍ക്കാന്‍ എന്നെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി എന്നാണ് ബിജെപിയുമായി ബന്ധപ്പെട്ട ചാനലും ഓണ്‍ലൈനും വാര്‍ത്ത നല്‍കിയത്. ഇതുകൊണ്ടാണ്  രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വ്യാജവാര്‍ത്തകള്‍ പാര്‍ട്ടികളുടെ ഭാഗമായ മാധ്യമങ്ങള്‍ നല്‍കരുതെന്ന് പറയുന്നത്-ഷാഫി പറമ്പില്‍ പറയുന്നു.