കോട്ടയം: കുട്ടനാട്ടിലും സമീപ പ്രദേശങ്ങളിലും മഴ വീണ്ടും തുടര്‍ന്നതോടെ വെള്ളക്കെട്ട് കഴിഞ്ഞ ദിവസത്തെ നിലയിലേക്ക് ഉയര്‍ന്നു. കുട്ടനാട്ടില്‍ വെള്ളമിറങ്ങാന്‍ മറ്റിടങ്ങളിലേതിനേക്കാള്‍ സമയം ആവശ്യമാണെന്നതാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്. കോട്ടയത്ത് വീടുകളില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ആളുകള്‍ തിരിച്ചുപോയിത്തുങ്ങിയിരുന്നു. ഇതോടെ 72 ദുരിതാശ്വാസ ക്യാന്പുകളുടെ പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തു.
എന്നാല്‍ ഇന്ന് വീണ്ടും മഴ ശക്തമാവുകയാണ്. ഇന്നലെ രാത്രിയും രാവിലെയുമായി മഴ തുടര്‍ന്നതോടെ തിരിച്ച് വീട്ടിലേക്ക് പോകാനിരുന്നവര്‍ കടുത്ത ആശങ്കയിലാണ്. വീടുകളിലേക്ക് വീണ്ടും വെള്ളം കയറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇതോടെ ദിവസങ്ങളായി ദുരിതാശ്വാസ ക്യാംപുകളില്‍ താമിസിക്കുന്നവരുടെ ദുരിതം ഇരട്ടിയാവുകയാണ്.കോട്ടയത്ത് ഇപ്പോഴും 110 ക്യാന്പുകളിലായി 17,034 ആളുകളാണ് ഉള്ളത്. തിരുവല്ല താലൂക്കിലെ 17 ക്യാന്പുകള്‍ നിര്‍ത്തി. ഇവിടെ ഇനി 63 ക്യാന്പുകളാണ് ഉള്ളത്. 1905 കുടുംബങ്ങളിലെ 7281 പേരാണ് തിരുവല്ലയിലെ ക്യാന്പുകളിലുള്ളത്.
മഴ ശക്തികുറഞ്ഞതോടെ കുട്ടനാട്ടിലെ ജലനിരപ്പ് കുറഞ്ഞിരുന്നു. പക്ഷേ വീടുകളില്‍ നിന്ന് വെള്ളം പൂര്‍ണമായും ഒഴിഞ്ഞുപോയിരുന്നില്ല. കൈനകരി മേഖലയില്‍ വീടുകളിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. മഴ കനത്തതോടെ ഇത് കഴിഞ്ഞ ദിവസത്തെ അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്.
അതേസമയം ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അരിയടക്കമുള്ള അവശ്യ സാധനങ്ങള്‍ ബോട്ടുകളില്‍ നേരിട്ട് ക്യാമ്പുകളില്‍ എത്തിക്കും. കുടിവെള്ളവും എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ സംഘം 12 ബോട്ടുകളിലായി ഇന്ന് കുട്ടനാട്ടില്‍ രോഗികള്‍ക്ക് ആശ്വാസവുമായെത്തും.