മുംബൈ: ബിജെപി-ശിവസേനാ ബന്ധം പൂർണമായി അവസാനിപ്പിക്കാൻ ബിജെപി തീരുമാനം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കാൻ തയാറെടുക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പാർട്ടി പ്രവർത്തകർക്കു നിർദേശം നൽകി. മുംബൈയിൽ നടന്ന പാർട്ടി നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്.
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ബിജെപിയെ പിന്തുണയ്ക്കാതെ വിട്ടുനിന്നതിനു പിന്നാലെയാണ് ശിവസേനയുമായി സഖ്യം അവസാനിപ്പിക്കാന്‍ അമിത് ഷാ തീരുമാനിച്ചതെന്നാണു സൂചന. കൂടാതെ, കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പ്രസംഗത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതിനെയും ശിവസേന പ്രശംസിച്ചിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് ഒറ്റയ്ക്കുള്ള മത്സരത്തിനു തയാറെടുക്കാൻ അമിത് ഷാ പ്രവർത്തകരോടു നിർദേശിച്ചത്. ഒറ്റയ്ക്കു മത്സരിക്കുന്നതിനു തയാറെടുപ്പെന്ന നിലയിൽ 23 പദ്ധതി പട്ടിക അമിത് ഷാ പാർട്ടി സംസ്ഥാന നേതൃത്വത്തിനു കൈമാറി. നിലവിൽ ശിവസേന കേന്ദ്രത്തിലും മഹാരാഷ്ട്രയിലും എൻഡിഎയ്ക്കൊപ്പമാണ്.