തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങില്‍ മുഖ്യാതിഥിയായി നടന് മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി എ.കെ.ബാലന് വ്യക്തമാക്കി. മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് ആരും നിവേദനം നല്‍കിയിട്ടില്ല. നാളെ മോഹന്‍ലാലിന് ക്ഷണക്കത്ത് നല്‍കും. അദ്ദേഹം പങ്കെടുത്താല്‍ ചടങ്ങിന്റെ ശോഭ നഷ്ടപ്പെടുമെന്ന വാദത്തിന് യുക്തിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍ക്കെങ്കിലും ആരോടെങ്കിലും പക തീര്‍ക്കാനുള്ളതല്ല സിനിമാ സാംസ്ക്കാരിക വേദികളെന്നും സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാര വേദിയില്‍ എല്ലാവരും പങ്കെടുക്കുമെന്നും ബാലന് വ്യക്തമാക്കി. വിവാദങ്ങള്‍ മാറ്റി വച്ച് ചലച്ചിത്ര, സാംസ്ക്കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുക്കണം. ഏതെങ്കിലും വ്യക്തിയോടോ സംഘടനയോടോ സംസ്ഥാന സര്‍ക്കാരിനും സാംസ്ക്കാരിക വകുപ്പിനും പ്രത്യേക താത്പര്യങ്ങളില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേളയുടെ സമാപന യോഗത്തില്‍ പറഞ്ഞിരുന്നു.