അഞ്ചലില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം: ഒരാള്‍ കൂടി അറസ്റ്റില്‍

0
22

കൊല്ലം: അഞ്ചലിലെ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ബംഗാള്‍ സ്വദേശി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തെന്മല സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. മണിക് റോയിയെ മര്‍ദിച്ചതായി പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മര്‍ദ്ദനത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്കും പ്രതികള്‍ ധരിച്ച വസ്ത്രവും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

അഞ്ചല്‍ സിഐ സതികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. പനയഞ്ചേരി ഭാഗത്ത് നിന്ന് പിടികൂടിയ പ്രതിയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിടിയിലായ മറ്റ് പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്.