സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച്‌ ബിജെപി ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നു: അഖിലേഷ് യാദവ്

0
30

ലക്‌നൗ: സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച്‌ ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുകയാണ് ബിജെപിയെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്.മതങ്ങളെയും വിശ്വാസികളെയുമാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നു പറഞ്ഞ അഖിലേഷ് ബിജെപി രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയ്ക്കു തന്നെ ഭീഷണിയായി മാറിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഭരണകൂടത്തിന്‍റെ ഭാഗത്തുണ്ടാകുന്ന പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനുള്ള ജനങ്ങളുടെ അടിസ്ഥാന അവകാശം പോലും ഹനിക്കപ്പെടുകയാണ്. ഇനി ആരെങ്കിലും അത്തരത്തില്‍ ഭരണകര്‍ത്താക്കളുടെ ശ്രദ്ധ ക്ഷണിച്ചാല്‍ പിന്നീട് ആക്രമണം അവര്‍ക്ക് നേരെയായിരിക്കും. സമൂഹമാധ്യമങ്ങളിലൂടെയടക്കം അവരെ ബജെപിക്കാര്‍ കടന്നാക്രമിക്കുമെന്നും അഖിലേഷ് പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ തമ്മിലുള്ള ഐക്യം തകര്‍ക്കുകയും സാമ്പത്തിക
അരക്ഷിതാവസ്ഥ വളര്‍ത്തുകയുമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കുറ്റപ്പെടുത്തിയ അഖിലേഷ് രാഷ്ട്രീയത്തിന്‍റെ സുതാര്യതയും ജനാധിപത്യ മരാദ്യകളും ബിജെപി ഭരണത്തിന്‍ കീഴില്‍ തകര്‍ന്നടിയുകയാണെന്നും ചൂണ്ടിക്കാട്ടി. “പ്രധാനമന്ത്രിക്ക് അടിക്കടി വിദേശ യാത്രകള്‍ നടത്തുന്നത് മാത്രമാണ് താത്പര്യം. 50ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. പക്ഷേ ഇതുകൊണ്ട് രാജ്യത്തിനെന്ത് പ്രയോജനമാണ് ഉണ്ടായത്‍?’ അഖിലേഷ് ചോദിച്ചു.