സര്‍ക്കാരിന് തിരിച്ചടി; ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരും

0
53

ബെംഗളൂരു: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രി യാത്രാ നിരോധനം തുടരും. വിദഗ്ധ സമിതി നടത്തിയ പരിശോധനയിലാണ് ദേശീയ പാതകളില്‍ ഏര്‍പ്പെടുത്തിയ രാത്രിയാത്ര നിരോധനം തുടരാന്‍ തീരുമാനമായത്. ഇത് രാത്രിയാത്രാവിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടു വന്ന കേരള സര്‍ക്കാരിന് തിരിച്ചടിയാകും.

സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപവത്കരിച്ച വിദഗ്ധ സമിതിയും ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനത്തെ പിന്തുണച്ചു. കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത 766, കോയമ്പത്തൂര്‍ ഗുണ്ടല്‍പ്പേട്ട് ദേശീയപാത 181 എന്നീ റോഡുകളിലാണ് ബന്ദിപ്പൂര്‍ വനസങ്കേതത്തില്‍ രാത്രി ഒന്‍പതിനും രാവിലെ ആിനുമിടയില്‍ രാത്രിയാത്ര നിരോധിച്ച്‌ 2010ല്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്.

2009ല്‍ ഈ ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിക്കവെ, റിപ്പോര്‍ട്ട് തയാറാക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും സംസ്ഥാനങ്ങള്‍ തമ്മില്‍ അഭിപ്രായ സമന്വയത്തിലെത്തണമെന്നും കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ നിരോധനം തുടരണമെന്നുള്ള നിലപാടില്‍ തന്നെ എത്തിച്ചേരുകയായിരുന്നു. കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയ സെക്രട്ടറി, കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാന പ്രതിനിധികള്‍, ദേശീയ കടുവ സംരക്ഷണ അതോറിറ്റി പ്രതിനിധി തുടങ്ങിയവരെ ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചയിലാണ് കടുവാ സങ്കേതത്തിലെ രാത്രിയാത്ര നിരോധനം തുടരണമെന്ന നിലപാടിലെത്തിയത്.