ഹനാന് പിന്തുണയുമായി സംസ്ഥാന വനിതാ കമ്മീഷന്‍

0
52

കോഴിക്കോട്: യൂണിഫോം ധരിച്ച്‌ മീന്‍ വിറ്റ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന് പിന്തുണ അറിയിച്ച്‌ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. പഠനം മുന്നോട്ട് കൊണ്ടു പോകാനായി മത്സ്യം വിറ്റ് ജീവിക്കുന്ന പെണ്‍കുട്ടിയെ അഭിനന്ദിക്കണമെന്ന് ജോസഫൈന്‍ പറഞ്ഞു. കുട്ടിയ്‌ക്കെതിരെ സമൂഹ മാധ്യമത്തിലൂടെ നടന്ന ആക്രമണം ശ്രദ്ധയില്‍ പെട്ടിരുന്നില്ല. കൊച്ചിയില്‍ ചെന്നാലുടനെ ഹനാനെ കാണുമെന്നും ജോസഫൈന്‍ പറഞ്ഞു.

മീന്‍ വില്‍ക്കുന്ന കാര്യം സമൂഹ മാധ്യമത്തില്‍ വന്നപ്പോള്‍ ഒട്ടേറെ തരത്തിലുള്ള ആക്രമണമാണ് ഹനാന് നേരിടേണ്ടി വന്നത്. യൂണിഫോമിട്ട് മീന്‍ വിറ്റത് സിനിമയുടെ പ്രചാരണത്തിനു വേണ്ടിയാണെന്ന് ആരോപിച്ച്‌ സാമൂഹ്യ മാധ്യമങ്ങളില്‍ പെണ്‍കുട്ടിക്കെതിരെ രൂക്ഷമായ ആക്രമണം നടക്കുന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം. കുട്ടിയുടേത് ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യമാണെന്ന് ഹനാനെ ചികിത്സിച്ച ഡോക്ടറും കോളേജ് പ്രിന്‍സിപ്പലും വ്യക്തമാക്കുന്നു.

‘മനസ്സാ അറിയാത്ത കാര്യത്തിനാണ് എനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. കള്ളിയെന്നും മറ്റും വിളിച്ച്‌ നിരവധി പേര്‍ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ജീവിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച ഒരു പാവം പെണ്‍കുട്ടിയാണ് ഞാന്‍. ഏഴാം ക്ലാസില്‍ തുടങ്ങിയതാണ് എന്റെ കഷ്ടപ്പാടും ദുരിതങ്ങളും. ജീവിക്കാനും പഠിക്കാനും വേണ്ടി നിരവധി ജോലികള്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ മീന്‍ വില്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും- ഹനാന്‍ വ്യക്തമാക്കി.