കനത്ത മഴ: ജലനിരപ്പ് 11 അടി കൂടി ഉയർന്നാൽ ഇടുക്കി അണക്കെട്ട് നിറയും

0
46

തൊടുപുഴ : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2390.18 അടിയിലെത്തി. ജലനിരപ്പ് 11 അടി കൂടി ഉയർന്നാൽ അണക്കെട്ട് നിറയും. ഇത്‌ തുടര്‍ന്നാല്‍ 10 ദിവസത്തിനുള്ളില്‍ ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുക. കനത്ത മഴ ഇങ്ങനെ തുടര്‍ന്നാല്‍ 10 ദിവസത്തിനുള്ളില്‍ പരമാവധി  സംഭരണശേഷിയിലെത്തുകയും ഷട്ടറുകള്‍ തുറക്കുകയും ചെയ്യേണ്ടിവരും. ഇത് ഒഴിവാക്കുന്നതിനായി വൈദ്യുതി വകുപ്പ് ഉത്പാദനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. 1981, 1992 വര്‍ഷങ്ങളില്‍ ഇടുക്കി ഡാം തുറന്നിരുന്നു. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണ് അണക്കെട്ടിലെ ജലനിരപ്പായി കണക്കാക്കുന്നത്. സംഭരണ ശേഷിയുടെ 83 ശതമാനം വെള്ളം ഇപ്പോഴുണ്ട്. പദ്ധതി പ്രദേശത്ത് 94 മില്ലീമീറ്റര്‍ മഴയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. ജലനിരപ്പ് 2395 അടിയില്‍ എത്തിയാല്‍ അണക്കെട്ട് തുറക്കുന്നതിനുള്ള ഒരുക്കവും 2398 അടിയിലെത്തിയാല്‍ അടിയന്തര തയാറെടുപ്പും തുടങ്ങും. ഇതോടെ അണക്കെട്ടിനു സമീപം കണ്‍ട്രോള്‍ റൂം തുറക്കും, അര മണിക്കൂര്‍ ഇടവിട്ടു ജലനിരപ്പു രേഖപ്പെടുത്തും.