പാമ്പാടി അപകടം: അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാതെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കടന്നുകളഞ്ഞെന്ന പ്രചാരണം തെറ്റ്‌; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

0
45

കോട്ടയം: പാമ്പാടിയില്‍ കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടതിനു പിന്നാലെ എത്തിയ മോട്ടോര്‍ വകുപ്പിന്‍റെ വാഹനം നിര്‍ത്തിയില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മോട്ടോര്‍ വാഹനവകുപ്പ്.അപകടസ്ഥലത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം നിര്‍ത്തുന്നതും ഉദ്യോഗസ്ഥര്‍ നടന്നുവരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

മെയിന്‍ റോഡിലേക്ക് അശ്രദ്ധമായി ഓട്ടോറിക്ഷ കയറുന്നതും ബ്രേക്ക് ചെയ്ത ബസ് നിയന്ത്രണം നഷ്‍ടപ്പെട്ട് കുഴിയിലേക്ക് മറിയുന്നതുമാണ് ആദ്യം പുറത്തുവന്ന വീഡിയോ. തുടര്‍ന്ന് വാഹനങ്ങള്‍ നിര്‍ത്തി ആളുകള്‍ ഓടിക്കൂടുന്നതും വീഡിയോയില്‍ കാണാം. ഈ സമയം മോട്ടോര്‍വാഹന വകുപ്പിന്‍റെ വാഹനം റോഡിലൂടെ കടന്നുപോകുന്നതും കാണാം. ഇതോടെ വാഹനാപകടം നടന്നിട്ടും തൊട്ടു പുറകെ വന്ന മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു.

മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി ലഭിച്ചതോടെ ട്രാന്‍സ്പോര്‍ട് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന് വീഴച പറ്റിയിട്ടില്ലെന്ന് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തിന് സമീപത്തെ മറ്റൊരു സിസിടിവിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹനം നിര്‍ത്തുന്നതും ഉദ്യോഗസ്ഥര്‍ ഓടിവരുന്നതും പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കൂടാതെ വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളില്‍ ചിലരുടെ മൊഴിയും രേഖപ്പെടുത്തി.