അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ മുഴുവന്‍ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുമെന്ന് തൊഴില്‍മന്ത്രി

0
26

കണ്ണൂര്‍: അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ മുഴുവന്‍ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുമെന്നും ക്ഷേമപദ്ധതിയില്‍ അടച്ച മുഴുവന്‍ തുകയും പിരിഞ്ഞു പോകുന്ന സമയത്ത് തൊഴിലാളികള്‍ക്ക് ലഭ്യമാകും വിധം പദ്ധതി ഭേദഗതി ചെയ്യുമെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍. പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയവരുടെ സംസ്ഥാനതല അംഗത്വവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തൊഴില്‍ മന്ത്രി. അംഗങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയാലും പിരിഞ്ഞുപോകുന്ന സമയത്ത് മുഴുവന്‍ പണവും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അസംഘടിത മേഖലയിലെ 19 വിഭാഗം തൊഴിലാളികളെ പുതുതായി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. നാമമാത്ര ആനുകൂല്യങ്ങള്‍ മാത്രമാണ് നിലവിലുള്ളതെങ്കിലും അവ അടുത്ത ബോര്‍ഡ് യോഗത്തില്‍ കൂട്ടും. മരണാനന്തര സഹായവും കുടുംബങ്ങള്‍ക്ക് ലഭ്യമാക്കും. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ നിലവില്‍ മാസത്തില്‍ അമ്ബത് രൂപയാണ് അംശദായം അടക്കേണ്ടത്.

അമ്ബത് രൂപ ഉടമയും അടക്കണം. സ്വയംതൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ നൂറ് രൂപ അടക്കേണ്ടി വരും. ജില്ലാ സഹകരണ ബാങ്കുകള്‍ മുഖേന അംശദായം അടക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഉയര്‍ന്ന ആനുകൂല്യം നല്‍കുന്ന ബോര്‍ഡായി അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിനെ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.