കൊച്ചി: ലാലിഗ വേള്‍ഡ് പ്രീ സീസണ് ടൂര്‍ണമന്റിലെ അവസാന മത്സരത്തില്‍ ഇന്ന് കേരള ബ്ലാസ്റ്റേവ്സ് ലാലിഗ ടീമായ ജിറോണ എഫ്സിയുമായി ഏറ്റുമുട്ടും. രാത്രി ഏഴിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ സിറ്റിയോടു ഏകപക്ഷീയമായ ആറു ഗോളുകളുടെ തോല്‍വി ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സിന് കടുത്ത വെല്ലുവിളിയായിരിക്കും ജിറോണ എഫ്സിക്കെതിരേയുള്ള മത്സരം.
ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയ മെല്‍ബണ്‍ സിറ്റിക്കെതിരേ ആറു ഗോളുകളാണ് ഏകപക്ഷീയമായി ജിറോണ അടിച്ചുകൂട്ടിയത്. ആ ആത്മവിശ്വാസവുമായാണ് ജിറോണ ഇന്ന് കളത്തിലിറങ്ങുക. തുടര്‍ച്ചയായി സന്നാഹമത്സരങ്ങള്‍ കളിക്കുന്ന ടീമെന്ന നിലയില്‍ വിശ്രമമില്ലാതെ രണ്ടാം മത്സരത്തിനിറങ്ങുന്നത് ജിറോണയുടെ പ്രകടനത്തെ ഒരിക്കലും ബാധിക്കില്ല. തുടര്‍ച്ചയായി രണ്ടു മത്സരവും ജയിച്ച് ചാന്പ്യന്മാരായി തിരിച്ചുപോവുക എന്ന ലക്ഷ്യത്തോടെയാണ് ജിറോണ ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരേ മത്സരിക്കുക.
എന്നാല്‍, ആദ്യമത്സരത്തില്‍ മെല്‍ബണ്‍ സിറ്റിക്കെതിരേ ഏകപക്ഷീയമായ തോല്‍വി വഴങ്ങിയതിന്റെ ക്ഷീണവുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലറങ്ങുന്നത്.
ജയമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സ് അവകാശപ്പെടുന്പോഴും മികച്ച പ്രകടനം നടത്താന്‍ സാധിച്ചാല്‍ അത് തങ്ങളുടെ വിജയമാണെന്ന തിരിച്ചറിവിലാണ് ടീം ഇന്നിറങ്ങുന്നത്.