കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; മെഡിക്കൽ ബുള്ളറ്റിൻ ഉടന്‍ ഉണ്ടാകുമെന്ന് സൂചന

0
31

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ .കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഉടനെയുണ്ടാകുമെന്നാണ് സൂചന. കാവേരി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ തുടരുന്ന .കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.

ആൽവാർപെട്ടിലെ കാവേരി ആശുപത്രിയിലും ചെന്നൈയിലെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. കരുണാനിധിയുടെ അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും ആശുപത്രിയിലെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ജാഗ്രത പാലിക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. കലൈജ്ഞർ അതീവ ഗുരുതര നിലയിൽ കഴിയുന്നതിനാൽ അണികളുടെ വികാരപ്രകടനങ്ങൾ അതിരുവിടാതെ കാക്കുകയെന്ന ദുഷ്കര ദൗത്യമാണു പൊലീസിനു മുന്നിലുള്ളത്. അവധികൾ റദ്ദാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഗവർണർ ബൻവാരിലാൽ പുരോഹിതും കരുണാനിധിയെ തീവ്രപരിചരണ വിഭാഗത്തിൽ സന്ദർശിക്കുന്ന ചിത്രം പുറത്തുവന്നു. കരുണാനിധിയുടെ ആരോഗ്യ നില തൃപ്തികരമെന്നും അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും ഡിഎംകെ നേതാക്കൾ അറിയിച്ചു.

കാവേരി ആശുപത്രിയിലും പരിസരത്തുമായി രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണു വിന്യസിച്ചിട്ടുള്ളത്. കരുണാനിധിയെ ആശുപത്രിയിലേക്കു നീക്കിയപ്പോൾ മുതൽ നൂറു കണക്കിനു ഡിഎംകെ പ്രവർത്തകരാണ് പ്രവഹിക്കുന്നത്.