കരുണാനിധി നിരീക്ഷണത്തില്‍ തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ

0
29

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനില മോശമായെങ്കിലും വീണ്ടും സാധാരണ നിലയിലേക്കു മടങ്ങുന്നുവെന്നു കാവേരി ആശുപത്രിയിലെ മെഡിക്കൽ ബുള്ളറ്റിൻ. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിൽസ തുടരുകയാണെന്നും ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.

ആരോഗ്യത്തിൽ പുരോഗതിയുള്ള വിവരം മുൻ കേന്ദ്രമന്ത്രി കൂടിയായ ഡിഎംകെ നേതാവ് എ.രാജയും സ്ഥിരീകരിച്ചു. അതിനിടെ, കാവേരി ആശുപത്രിക്കു മുന്നിൽ പിരിഞ്ഞു പോകാതിരുന്നവരെ പൊലീസ് ഇടപെട്ടു മാറ്റിയത് നേരിയ സംഘർഷത്തിന് ഇടയാക്കി. കരുണാനിധിയുടെ കുടുംബാംഗങ്ങൾ പുറത്തേക്കു വരുമ്പോൾ തിങ്ങിക്കൂടിയ ജനക്കൂട്ടം കാരണം വാഹനങ്ങൾക്കു പോകാൻ സാധിച്ചില്ല. തുടർന്നാണു പൊലീസ് ഇടപെട്ടത്.

സ്ഥിതിഗതികൾ പിന്നീട്  ശാന്തമായി. അണികളോടു ശാന്തരായി പിരിഞ്ഞു പോകണമെന്ന് രാജയും ആവശ്യപ്പെട്ടു. കാവേരി ആശുപത്രിയിലും ചെന്നൈയിലെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി ചെന്നൈയിലേക്കെത്തി. സംസ്ഥാനവ്യാപകമായി ജാഗ്രത പാലിക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. കലൈജ്ഞർ അതീവ ഗുരുതര നിലയിൽ കഴിയുന്നതിനാൽ അണികളുടെ വികാരപ്രകടനങ്ങൾ അതിരുവിടാതെ കാക്കുകയെന്ന ദുഷ്കര ദൗത്യമാണു പൊലീസിനു മുന്നിലുള്ളത്. അവധികൾ റദ്ദാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.