രാജ്യത്തെ പുരോഗതിയിലെത്തിക്കാൻ അഞ്ച് വര്‍ഷം കൊണ്ട് സാധിക്കില്ല; 2019ലും മോദി ജയിക്കേണ്ടതുണ്ടെന്ന് കങ്കണ

0
29

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റവും അനുയോജ്യനായ നേതാവാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു നടി കങ്കണ റനൗത്ത്. 2019ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും അര്‍ഹതപ്പെട്ട പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോദിയാണെന്നും കങ്കണ പറഞ്ഞു. മോദിയുടെ ആദ്യകാല ജീവിതത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ടു നിർമിച്ച ‘ചലോ ജീത്തേ ഹേം’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കങ്കണ.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണു മോദി. മാതാപിതാക്കളുടെ പിന്തുണ കൊണ്ടല്ല മോദി പ്രധാനമന്ത്രി പദത്തിലേക്കെത്തിയത്. ജനാധിപത്യത്തിന് ഏറ്റവും അനുയോജ്യനായ നേതാവാണ് അദ്ദേഹം. എല്ലാവരും വോട്ടു ചെയ്തു ജയിപ്പിക്കും വിധമുള്ള അംഗീകാരത്തിലേക്ക് അദ്ദേഹം എത്തിയത് കഠിനാധ്വാനത്തിലൂടെയാണ്. അത് ആർക്കും എടുത്തുമാറ്റാനാകില്ല.

പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ വിശ്വാസ്യതയിലും അവിശ്വാസം പ്രകടിപ്പിക്കേണ്ട യാതൊരു കാര്യവുമില്ല. രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്കു നയിക്കാൻ 2019ലെ തിരഞ്ഞെടുപ്പിലും മോദി ജയിക്കേണ്ടതുണ്ടെന്നും കങ്കണ പറഞ്ഞു. രാജ്യത്തെ പുരോഗതിയിലെത്തിക്കാൻ അഞ്ചു വർഷം കൊണ്ടു സാധിക്കില്ല. രാജ്യം ഇപ്പോഴൊരു കുഴിയിലാണ്. അതിൽ നിന്ന് ഉയർത്തിയെടുക്കേണ്ടതുണ്ടെന്നും കങ്കണ വ്യക്തമാക്കി.