കൊച്ചി: ലൈംഗികാരോപണ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം പഞ്ചാബിലേക്ക് പുറപ്പെടും. ബിഷപ്പിനെ ചോദ്യംചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് അന്വേഷണ സംഘം ബുധനാഴ്ച ജലന്ധറിലേക്ക് പോകുന്നത്. ഇതു സംബന്ധിച്ച സന്ദേശം പഞ്ചാബ് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ഒരു മാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് പീഡന പരാതിയില്‍ ബിഷപ്പിനെ ചോദ്യംചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതിനിടെ പരാതി നല്കിയ കന്യാസ്ത്രീയേയും സഹപ്രവര്‍ത്തകയെയും സ്വാധീനിക്കാന്‍ ശ്രമിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സുഹൃത്തുമായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സുഹൃത്തായ ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.
ജലന്ധര്‍ രൂപതയുടെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളും നല്‍കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നും സംഭാഷണത്തില്‍ പറയുന്നു. പരാതിയില്‍ നിന്ന് പിന്മാറണമെന്നും പ്രശ്നങ്ങളില്‍ ചെന്ന് ചാടേണ്ടെന്നും പറയുന്നു. പരാതി പിന്‍വലിക്കുന്നതിലൂടെ നിലവിലുള്ള ഭീഷണികളില്‍ നിന്ന് രക്ഷപെടാമെന്നും ജെയിംസ് എര്‍ത്തയില്‍ പറയുന്നു. കോടതിയുടെ അനുമതി ലഭിച്ചാല്‍ സിഎംഐ സഭാ വൈദികനായ ഫാദര്‍ ജെയിംസ് എര്‍ത്തയിലിനെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. കേസില്‍ പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കി.