ഇടപ്പള്ളി ഹൈവേയില്‍ പിതാവിന്റെ അതിരു കടന്ന സാഹസം ; ലൈസന്‍സ് റദ്ദാക്കി ആര്‍.ടി.ഒ

0
43

കൊച്ചി: ഇടപ്പള്ളി ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ നിയന്ത്രണം അഞ്ച് വയസ്സുകാരിയായ മകൾക്ക് നൽകിയ അച്ഛന്റെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി. സ്കൂട്ടറിന്റെ ആക്സിലേറ്ററിന്റെ നിയന്ത്രണം കുട്ടിക്കായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. നാലംഗ കുടുംബം സഞ്ചരിച്ച സ്കൂട്ടർ അഞ്ച് വയസ്സുകാരി നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.

സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ദേശീയപാതയിലൂടെ അച്ഛന്‍റെ കൺമുന്നിൽ നടന്ന അഞ്ച് വയസ്സുകാരിയുടെ അതിസാഹസം വാർത്തയായതോടെയാണ് നടപടി. പത്തടിപ്പാലത്തെ പ്രാർത്ഥനാ കേന്ദ്രത്തിലേക്ക് കുട്ടിയും അച്ഛനും അമ്മയും അനിയത്തിയും സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു സംഭവം. രജിസ്ട്രേഷൻ നമ്പറിൽ നിന്ന് വാഹനം പെരുമ്പടപ്പ് സ്വദേശിയായ ഷിബു ഫ്രാൻസിസിന്‍റേതാണെന്ന് കണ്ടെത്തി. കരാർ ജോലികൾ ഏറ്റെടുത്ത ചെയ്ത് വരുന്ന ഇയാളെ വിളിച്ച് വരുത്തി മൊഴിയെടുത്ത ശേഷമാണ് നടപടി.

എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് അച്ഛൻ ഷിബു ഫ്രാൻസിസിന്‍റെ വാദം. മറുവശത്ത് തന്‍റെ ഇടതുകൈകൊണ്ട് വാഹനത്തിന്‍റെ ഹാന്‍റില്‍ നിയന്ത്രിച്ചിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. എന്നാൽ സ്കൂട്ടറിന്‍റെ വേഗത നിയന്ത്രിക്കുന്ന ആക്സിലേറ്ററാണ് യുകെജി വിദ്യാർത്ഥി പിടിച്ചിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇതിന് പിന്നാലെ ഇയാൾക്കെതിരെ കേസെടുക്കുമെന്ന് കൊച്ചി ട്രാഫിക് പൊലീസും അറിയിച്ചു.