ഇടുക്കി അണക്കെട്ട് തുറക്കല്‍: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സേനാ വിഭാഗങ്ങള്‍ സജ്ജം; എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

0
35

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോൾ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും അതാത് സമയങ്ങളിൽ ആവശ്യമായ നിർദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. എറണാകുളത്ത് ആലുവ യൂത്ത് ഹോസ്റ്റലിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃശ്ശൂരിലും ഒരു സംഘം സജ്ജമാണ്. ഒരു സംഘം ഇടുക്കിയിലും എത്തും.

കരസേന, നാവികസേന, വായുസേന, കോസ്റ്റ് ഗാർഡ് എന്നിവ ജാഗരൂകരായി ഇരിക്കുവാനുള്ള സന്ദേശം നൽകിക്കഴിഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം വായു സേനയുടെ ഒരു Mi17V ഹെലികോപ്ടറും ALH ഹെലികോപ്ടറും സദാ സജ്ജമാക്കി വെച്ചിരിക്കുന്നു. നാവികസേനയെയും കരസേനയുടെ നാല് കോളം പട്ടാളക്കാരെയും വിന്യസിക്കാൻ തയ്യാറായി നിൽക്കുന്നു. എറണാകുളത്തിന്റെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയാൽ വിന്യസിക്കാൻ സജ്ജമായ ചെറു ബോട്ടുകളുമായി കോസ്റ്റ് ഗാർഡ് സംഘവും തയ്യാറാണ്.

ഇപ്പോൾ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ല. അതാത് സമയങ്ങളിൽ ആവശ്യമായ നിർദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകും.