ഇടുക്കി ഡാം: ജലനിരപ്പ് 2394.64 അടിയായി ഉയര്‍ന്നു; ഓറഞ്ച് അലർട്ട്’ പ്രഖ്യാപിക്കാൻ 0.36 അടിമാത്രം, ജാഗ്രതാ നിര്‍ദ്ദേശം

0
50

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.64 അടിയായി ഉയര്‍ന്നു. ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിക്കാൻ ഇനി വെറും 0.36 അടി മാത്രം മതി. ജലനിരപ്പ് 2395 അടിയിലെത്തിയാലുടൻ കെഎസ്ഇബി അതിജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) പുറപ്പെടുവിക്കും. ജലനിരപ്പ് 2399 അടിയാകുമ്പോൾ അതീവജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നൽകും. പെരിയാറിന്റെ തീരത്ത്, അപകടമേഖലയിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിപ്പാർപ്പിക്കുന്നത് ഈ ഘട്ടത്തിലാണ്. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിർദേശം നൽകുക. തുടർന്ന് 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താനാണു തീരുമാനം.

ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ച് ഇടുക്കി താലൂക്ക് ഓഫീസില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു. മുന്നൊരുക്കമായി സമീപത്തെ 12 പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മഴ തുടങ്ങും മുന്‍പ് തന്നെ ഷട്ടറുകളുടെ മെയിന്റനന്‍സ് പണികള്‍ കെ.എസ്.ഇ.ബി. പൂര്‍ത്തിയാക്കിയിരുന്നു. 2372 അടി ജലം ഉയരുമ്പോഴാണ് ഷട്ടറിന്റെ ഒപ്പം ജലം എത്തുന്നത്. ഇതിനുമുന്‍പ് പല തവണ ഷട്ടറുകള്‍ ഉയര്‍ത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു.