എം.മനോജ് കുമാര്‍
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ലഭിക്കാനുള്ള സാധ്യത മങ്ങുന്നു. കെപിസിസി അധ്യക്ഷന്‍ ആരെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം വരാനിക്കെയാണ് നിലവിലെ അധ്യക്ഷന്‍ എം.എം.ഹസനുള്ള പദവി ചോദ്യ ചിഹ്നമായി മാറുന്നത്.
കെപിസിസിയ്ക്ക് പുതിയ അധ്യക്ഷന്‍ വരുമ്പോള്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം എം.എം.ഹസന് ലഭിക്കും എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. പക്ഷെ ഹസന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ലഭിക്കാനുള്ള സാധ്യത കുറവാണ്. എ ഗ്രൂപ്പിന്റെ ശക്തനായ വക്താവാണ് എം.എം.ഹസന്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഐ ഗ്രൂപ്പിന്റെ കയ്യിലാണ്. ഐ ഗ്രൂപ്പ് ആയതിനാലാണ് പി.പി.തങ്കച്ചന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ലഭിച്ചത്.
ആരോഗ്യ പ്രശ്നങ്ങള്‍ കാരണം തങ്കച്ചനെ മാറ്റേണ്ടി വരുന്ന ഈ ഘട്ടത്തില്‍ ഐ ഗ്രൂപ്പിന്റെ സ്ഥാനം എ ഗ്രൂപ്പിന് ലഭിക്കുവാനുള്ള സാധ്യതകളില്ല. പി.പി.തങ്കച്ചന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുകയാണെങ്കില്‍ ഈ സ്ഥാനം ലഭിക്കുക ഐ ഗ്രൂപ്പില്‍ നിന്നുള്ള നേതാവിനായിരിക്കും. അപ്പോള്‍ തങ്കച്ചനെ മാറ്റുമ്പോള്‍ പകരം ആര് വരുമെന്ന് ഐ ഗ്രൂപ്പ് തീരുമാനിക്കും.
ഐ ഗ്രൂപ്പിനെ നിലവില്‍ നയിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആയിരിക്കും ആരാണ് കണ്‍വീനര്‍ സ്ഥാനത്ത് വരിക എന്ന് തീരുമാനിക്കുക. കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഇടപെട്ട് പലതവണ കൈപൊള്ളിയിട്ടുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോലും സീറ്റുകളുടെ പ്രശ്നം വരുമ്പോള്‍ ഗ്രൂപ്പുകള്‍ നോക്കുന്നുണ്ട്.
കെപിസിസി അധ്യക്ഷന്‍ എ ഗ്രൂപ്പില്‍ നിന്നുള്ള ആളാകുമ്പോള്‍ പ്രതിപക്ഷ നേതാവ് ഐ ഗ്രൂപ്പിനെ നയിക്കുന്ന ചെന്നിത്തലയാണ്. പക്ഷെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നിലവില്‍ ഐ ഗ്രൂപ്പിന്റെ കയ്യിലാണ്. ഈ സ്ഥാനം ഒരിക്കലും ഐ ഗ്രൂപ്പ് വിട്ടു നല്‍കില്ലെന്നാണ് ഐ ഗ്രൂപ്പ് തീരുമാനം. തങ്കച്ചന് മാറിയാല്‍ അടുത്ത നോമിനിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തീരുമാനിക്കും.
രാഹുല്‍ ഗാന്ധിയുമായി വ്യക്തിപരമായ അടുപ്പം ഇപ്പോഴും നിലനിര്‍ത്തുന്ന നേതാവെന്നെ നിലയില്‍ കേരളത്തില്‍ രമേശിനെ വെട്ടി മറ്റൊരു തീരുമാനം രാഹുല്‍ ഗാന്ധി കൈക്കൊള്ളാനും ഇടയില്ല. അപ്പോള്‍ എം.എം.ഹസനും എ ഗ്രൂപ്പിനും കണ്ണ് വെക്കാനും കഴിയുന്നതിലും മേലെയായി മാറുന്നു യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം.
വ്യക്തിപരമായി ചെന്നിത്തലയ്ക്കും എ ഗ്രൂപ്പിനോട് ചെറിയൊരു കണക്ക് തീര്‍ക്കാനുണ്ട്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ചെന്നിത്തല തീരുമാനിച്ച സ്ഥാനാര്‍ഥി വിജയകുമാര്‍ ആയിരുന്നില്ല. ആലപ്പുഴ യുഡിഎഫ് കണ്‍വീനറും മുന്‍ എംഎല്‍എ എം.മുരളിയായിരുന്നു. എം.മുരളിയോടു ചെങ്ങന്നൂര്‍ പ്രചാരണത്തിന്നിറങ്ങാന് ചെന്നിത്തല ആവശ്യപ്പെടുകയും മുരളി കളത്തിലിറങ്ങുകയും ചെയ്തതാണ്.
അടുപ്പക്കാരോട് എം.മുരളി പറഞ്ഞതാണ് താന്‍ തന്നെയാകും ചെങ്ങന്നൂര്‍ സ്ഥാനാര്‍ഥി എന്ന്. മുരളി ചെങ്ങന്നൂരില്‍ സജീവമായപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇടപെടുകയും ചെങ്ങന്നൂര്‍ എ ഗ്രൂപ്പിന്റെ സീറ്റ് ആണ് ചെങ്ങന്നൂര്‍ സ്ഥാനാര്‍ഥിയെ ചെന്നിത്തല തീരുമാനിക്കേണ്ട എന്ന് കര്‍ശന സ്വരത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് എം.മുരളി ചെങ്ങന്നൂരില്‍ അണിയറയിലേക്ക് മാറിയത്.
ചെങ്ങന്നൂര്‍ എ ഗ്രൂപ്പിന്റെ സീറ്റ് ആണ്. എ ഗ്രൂപ്പുകാരനായ വിഷ്ണുനാഥ് ആണ് ചെങ്ങന്നൂരില്‍ രണ്ടു തവണ ജയിച്ചു വന്നത്. പക്ഷെ മൂന്നാം ഊഴത്തിലാണ് സിപിഎമ്മിന്റെ കെ.കെ.രാമചന്ദ്രന് നായര്‍ വിഷ്ണു നാഥ് വിരുദ്ധ തരംഗം മറയാക്കി ചെങ്ങന്നൂര്‍ സിപിഎമ്മിന്റെത് ആക്കി മാറ്റിയത്. വിഷ്ണുനാഥ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് ആദ്യം 24 കേരളയോടു വ്യക്തമാക്കുകയും ചെയ്തതാണ്.
പക്ഷെ തോല്‍വി ഭീതി വിഷ്ണുനാഥിനു മുന്നില്‍ വരുകയും തത്ക്കാലത്തേക്ക് മത്സരത്തിന്നില്ലെന്നു എഐസിസി സെക്രട്ടറി കൂടിയായ വിഷ്ണുനാഥ് അന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് സാധ്യതാ ലിസ്റ്റില്‍ വന്ന എം.മുരളിയെ വെട്ടി മാറ്റിയാണ് ചെങ്ങന്നൂരില്‍ ആര് മത്സരിക്കണമെന്ന് എ ഗ്രൂപ്പ് തീരുമാനിച്ചത്. ഇപ്പോള്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം വരുമ്പോള്‍ ചെന്നിത്തലയ്ക്ക് പറയാം. യുഡിഎഫ് കണ്‍വീനര്‍ പദവി ഐ ഗ്രൂപ്പിന്റ്റ് കയ്യിലുള്ള സീറ്റ് ആണ്. അവിടെ ആരു വരണമെന്ന് ഐ ഗ്രൂപ്പ് തീരുമാനിക്കും.
മുന്‍പ് ചെങ്ങന്നൂരില്‍ ചെന്നിത്തല നിസ്സഹായനായി മാറിയ പോലെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം വരുമ്പോള്‍ ഉമ്മന്‍ ചാണ്ടിയും നിസ്സഹായനായി മാറും. ഇവിടെ എം.എം.ഹസ്സന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ലഭിക്കാനുള്ള സാധ്യത മങ്ങുകയാണ്. ഐ ഗ്രൂപ്പില്‍ നിന്നുള്ള, ചെന്നിത്തല തീരുമാനിക്കുന്ന നേതാവ് ആയിരിക്കും യുഡിഎഫ് കണ്‍വീനര്‍ ആയി വരുന്നത്. അല്ലാതെ എ ഗ്രൂപ്പ് തീരുമാനിക്കുകയോ ഹസന് പകരം നല്കുന്ന പദവിയായി മാറുകയോ ചെയ്യുന്ന ഒന്നല്ല കണ്‍വീനര്‍ പദവി. അപ്പോള്‍ ഹസന് കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മാറിയാല്‍ പകരം പദവി എന്നത് ചോദ്യ ചിഹ്നമായി തന്നെ മാറുകയാണ്.