നടനും തിരക്കഥാകൃത്തുമായി അനൂപ് മേനോനും വീണ്ടും വികെ പ്രകാശിനൊപ്പം കൈകോര്‍ക്കുകയാണ്. നിത്യ മേനോനെ നായികയാക്കി സംവിധാനം ചെയ്യുന്ന പ്രാണ എന്ന ചിത്രത്തിന് ശേഷം വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അനൂപ് മേനോനാണ്. മദ്രാസ് ലോഡ്ജ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇരുവരും തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പുറത്ത് വിട്ടു. അനൂപ് മേനോന്റെ തിരക്കഥയില്‍ സൂരജ് തോമസ് സംവിധാനം ചെയ്ത എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രം നിര്‍മിച്ച നോബിള്‍ ജോസാണ് മദ്രാസ് ലോഡ്ജ് നിര്‍മിക്കുന്നത്. അനൂപ് മേനോനും മിയയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് വികെ പ്രകാശും അനൂപ് മേനോനും ആദ്യമായി ഒന്നിക്കുന്നത്.ജയസൂര്യയായിരുന്നു ചിത്രത്തിലെ നായകന്. അതിന് ശേഷം ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിന് വേണ്ടിയും അനൂപ് മേനോന് വികെ പ്രകാശിന് വേണ്ടി തിരക്കഥ ഒരുക്കി. ജയസൂര്യയായിരുന്നു ഈ ചിത്രത്തിലും പ്രധാന വേഷത്തില്‍. ഇപ്പോഴിതാ അനൂപ് മേനോന് വീണ്ടും വികെ പ്രകാശിനായി തൂലിക ചലിപ്പിക്കുകയാണ്.
ചിത്രത്തിന്റെ പ്രമേയം, താരങ്ങള്‍ എന്നിവയേക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. പ്രണ പൂര്‍ത്തിയാക്കിയ ശേഷം മദ്രാസ് ലോഡ്ജിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.