മുരളീധര പക്ഷത്തിന്റെ ആവശ്യം തള്ളി അമിത് ഷാ ; ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷനായേക്കും

0
30

ന്യൂഡല്‍ഹി : പിഎസ് ശ്രീധരന്‍ പിള്ള താത്കാലികമായി ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. ഇതിന് മുന്നോടിയായി ശ്രീധരന്‍ പിള്ള ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ ശ്രീധരന്‍ പിള്ളയെ അധ്യക്ഷനാക്കാനാണ് തീരുമാനം. തെരഞ്ഞെുപ്പിന് മുന്‍പ് കുമ്മനം രാജശേഖരനെ തിരിച്ച്‌ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരണമെന്ന ആര്‍എസ്‌എസിന്റെ ആവശ്യവും ബിജെപി അംഗീകരിച്ചു.

അതേസമയം, കെ. സുരേന്ദ്രനെ അദ്ധ്യക്ഷനാക്കണമെന്ന മുരളീധര പക്ഷത്തിന്റെ ആവശ്യം അമിത് ഷാ തള്ളി.

കുമ്മനം രാജശേഖരനെ അപ്രതീക്ഷിതമായി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റി രണ്ടു മാസം കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞിരുന്നില്ല.പാര്‍ട്ടിക്കുള്ളില്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞുള്ള തര്‍ക്കം രൂക്ഷമായതാണ് പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നീളാന്‍ കാരണമായത്. രാജ്യസഭാ എംപി വി മുരളീധരനെ അനുകൂലിക്കുന്ന ഒരുവിഭാഗവും പികെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള മറുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ ദേശീയ നേതൃത്വത്തിനും വിഷയം പരിഹരിക്കാന്‍ കഴിയാതെ പോവുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെയും കൃഷ്ണദാസിനെയും മാറ്റി നിര്‍ത്തി പിഎസ് ശ്രീധരന്‍ പിള്ളയെ പ്രസിഡന്റ് പദവിയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രനേതൃത്വം തീരുമാനിച്ചിരിക്കുന്നത്.