തിരുവനന്തപുരത്ത് ശക്തമായ മഴ; മലയോര മേഖലകളില്‍ വ്യാപക നാശനഷ്ടം, കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

0
32

തിരുവനന്തപുരം : കനത്ത മഴയില്‍ തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ നാശനഷ്ടം. ജില്ലയിലെ കിഴക്കന്‍ മേഖലകളായ കള്ളിക്കാട്, കുറ്റിച്ചല്‍, അമ്പൂരി,  വെള്ളറട, തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായത്. മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ വീണ് റോഡ് ഗതാഗതവും താറുമാറായി.

നെയ്യാര്‍ ഡാം നിറഞ്ഞുകവിഞ്ഞു. ഇതിനെ തുടര്‍ന്ന് ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്ന് അടിയാണ് ഷട്ടറുകല്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇനിയും കൂടുതല്‍ ഉയര്‍ത്തേണ്ടി വന്നേക്കുമെന്നാണ് അധികതര്‍ സൂചിപ്പിക്കുന്നത്.അരുവിക്കര ഒന്നര മീറ്ററും പേപ്പാറ ഒന്നര സെന്റീമീറ്ററും മാത്രമാണ് ഉയർത്തിയിരിക്കുന്നത്.

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. നാലാഞ്ചിറയിലാണ് അപകടം. നാലാഞ്ചിറ സ്വദേശി ജോര്‍ജ്കുട്ടി ജോണ്‍ (74) ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെ പാല്‍ വാങ്ങാനായി ഇറങ്ങിയപ്പോഴായിരുന്നു അപകടം.

മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയും, ഡാമുകല്‍ തുറക്കാനുള്ള സാധ്യതയും മുന്‍നിര്‍ത്തി വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത് ഉചിതമായിരിക്കുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി കളക്ടര്‍ക്ക് ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കളക്ടര്‍ ഇന്ന് രാവിലെ 7.50 ഓടെയാണ് അവധി പ്രഖ്യാപിച്ചത്. ഏതാനും സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസുകളിലെത്തിയ ശേഷമാണ് അവധി അറിഞ്ഞതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.