ന്യൂഡല്‍ഹി: അസം ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) വലിയ വിഷയമാക്കേണ്ട കാര്യമില്ലെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. 40 ലക്ഷം പേര്‍ക്ക് പൗരത്വം നഷ്ടപ്പെട്ടത് അത്ര വലിയ വിഷയമൊന്നും അല്ലെന്ന് പറഞ്ഞ ബിപ്ലബ്, ത്രിപുരയില്‍ ദേശീയ പൗരത്വ പട്ടികയുടെ ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ത്രിപുരയില്‍ പൗരത്വ രജിസ്റ്ററിന്റെ ആവശ്യമില്ല. അവിടെയെല്ലാം ക്രമപ്പടിയാണ് നടക്കുന്നത്. അസമിലും ഇത് വലിയ പ്രശ്നമല്ലെന്നാണ് എനിക്ക് തോന്നുന്നത്. അത് കൈകാര്യം ചെയ്യാന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ പ്രാപ്തനാണ്, ബിപ്ലബ് പറഞ്ഞു. പൗരത്വ രജിസ്റ്ററിന്റെ പേരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ പട്ടികയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരെയും നടപടിപാടില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. രേഖകള്‍ ഹാജരാക്കാന്‍ എല്ലാവര്ക്കും സമയം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട 40 ലക്ഷം പേരുടെ ഭാഗം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
എന്‍ആര്‍സി പട്ടികയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഒരു നടപടിയും ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് എന്‍ആര്‍സി അന്തിമ കരട് പട്ടിക പുറത്തുവിട്ടത്. എന്‍ആര്‍സി പട്ടികയില്‍നിന്ന് ആസാമിലെ 40 ലക്ഷം പേരാണ് പുറത്തായത്. 2.89 കോടി ആളുകളാണ് എന്‍ആര്‍സിയുടെ പുതിയ പട്ടികയില്‍ ഇടംപിടിച്ചത്. മൊത്തം 3.29 കോടി അപേക്ഷകരുണ്ടായിരുന്നു.