ശ്രീധരന്‍ പിള്ളയുടെ വരവില്‍ വി.മുരളീധരന്‍-കൃഷ്ണദാസ് ക്യാമ്പുകളില്‍ നിരാശ; ബിജെപി രാഷ്ട്രീയം ഉറ്റു നോക്കി ആര്‍എസ്എസ്

0
80

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പി.എസ്.ശ്രീധരന്‍ പിള്ള നിയോഗിക്കപ്പെട്ടതോടെ വി.മുരളീധരന്‍-കൃഷ്ണദാസ് ഗ്രൂപ്പുകളില്‍ നിരാശ പടരുന്നു. ഇരു ഗ്രൂപ്പുകളിലും പെട്ടവര്‍ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തുകയില്ലെന്ന് വ്യക്തമായിട്ടും പിള്ളയുടെ വരവ് ഇരു ഗ്രൂപ്പുകള്‍ക്കും ദഹിച്ചിട്ടുമില്ല. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോകുന്നത് നോക്കി നില്‍ക്കേണ്ട അവസ്ഥയിലാണ് ഗ്രൂപ്പുകള്‍.

ബിജെപി ഗ്രൂപ്പുകളില്‍ നിരാശ പടരുമ്പോള്‍ ആര്‍എസ്എസ് കണ്ണും കാതും കൂര്‍പ്പിച്ച് പിള്ളയുടെ നീക്കങ്ങള്‍ ഉറ്റുനോക്കുകയുമാണ്‌. പൊതു സമ്മിതിയുള്ള ശ്രീധരന്‍ പിള്ള ബലിദാനികളുടെ ഈ പാര്‍ട്ടിയെ ഏത് രീതിയില്‍ നയിക്കും എന്നതിലാണ് ആര്‍എസ്എസിന് ഉത്‌കണ്ഠ. മുന്‍പ് ശ്രീധരന്‍ പിള്ള പ്രസിഡന്റ് ആയ കാലം ആര്‍എസ്എസിന് രുചിക്കാത്ത കാലമായിരുന്നു. മാറാട്  കലാപം പോലുള്ള ഒട്ടുവളരെ കാര്യങ്ങള്‍ ഇതിനു പിന്നിലുണ്ടായിരുന്നു.

വി.മുരളീധര-കൃഷ്ണദാസ് ഗ്രൂപ്പുകള്‍ പരസ്പരം വെട്ടിക്കളിച്ചപ്പോഴാണ് നിവൃത്തിയില്ലാതെ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് പി.എസ്.ശ്രീധരന്‍ പിള്ളയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിച്ചത്. ഇതുവരെ വി.മുരളീധരന്‍ പക്ഷം കെ.സുരേന്ദ്രന് വേണ്ടിയും കൃഷ്ണദാസ് പക്ഷം എം.ടി,രമേശിന് വേണ്ടിയും വീറോടെ വാദിക്കുകയായിരുന്നു.

മത്സരത്തില്‍ എതിരാളി ഇല്ലാതെ കെ.സുരേന്ദ്രന്‍ തന്നെയാണ് മുന്നില്‍ നിന്നത്. കാരണം ബിജെപി ദേശീയ നേതൃത്വത്തെ ദേശീയ തലത്തില്‍ പ്രതിക്കൂട്ടിലാക്കിയ മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ആരോപണ വിധേയനായ എം.ടി.രമേശിന് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു സാധ്യതയുമില്ലായിരുന്നു. എം.ടി,രമേശ്‌ ആകേണ്ടതില്ലെന്ന് ഒരു തീരുമാനം ബിജെപി കേന്ദ്ര നേതൃത്വം എടുക്കുകയും ചെയ്തിരുന്നു.

കൃഷ്ണദാസ് വിഭാഗത്തിനു എം.ടി.രമേശ്‌ അല്ലാതെ മറ്റൊരു പേരും മുന്നോട്ട് വയ്ക്കാന്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവസാനം വരെ രമേശിന് വേണ്ടി പൊരുതുന്ന നിലപാടാണ് കൃഷ്ണദാസ് പക്ഷം കൈക്കൊണ്ടത്. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്‍റെ ഇംഗിതം മനസിലാക്കിയ ആര്‍എസ്എസ് കെ.സുരേന്ദ്രനെ പ്രസിഡന്റ് ആക്കാന്‍ ഒരു രീതിയിലും സമ്മതം മൂളിയതുമില്ല. അതിനു പിന്നില്‍ കാരണവുമുണ്ട്.

കേരളത്തിലെ ചുമതലയുള്ള ബി.എല്‍.സന്തോഷുമായി വി.മുരളീധരന്‍ കൈകോര്‍ത്തതോടെയാണ് സംസ്ഥാന അധ്യക്ഷന്‍ ആയിരുന്ന കുമ്മനം രാജശേഖരന് മിസോറം ഗവര്‍ണര്‍ ആയി പോകേണ്ടി വന്നത്. കേരളത്തില്‍ ആര്‍എസ്എസിന് ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന ഒരേ ഒരു പരിവാര്‍ നേതാവാണ്‌ കുമ്മനം. ആ കുമ്മനം എങ്ങിനെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും തെറിച്ചു എന്ന് ആര്‍എസ്എസിന് വ്യക്തമായി അറിയാം.

കുമ്മനത്തെയും കേരളാ ആര്‍എസ്എസ് നേതൃത്വത്തേയും ഞെട്ടിച്ച് വി.മുരളീധരന്‍ നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ ആണ് കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവി തെറുപ്പിച്ചത്. അതുകൊണ്ട് തന്നെ ആര് വന്നാലും വി.മുരളീധര   ചേരിയിലുള്ള കെ.സുരേന്ദ്രന്‍ വരേണ്ടതില്ലാ എന്ന നിലപാട് ആര്‍എസ്എസ് നേതൃത്വം സ്വീകരിച്ചതോടെ ആര്‍എസ്എസിനെ പിണക്കി മുന്നോട്ട് പോകേണ്ടതില്ലെന്ന് അമിത് ഷാ തീരുമാനിക്കുകയും മുന്‍ സംസ്ഥാന അധ്യക്ഷനായ ശ്രീധരന്‍ പിള്ളയ്ക്ക് നറുക്ക് വീഴുകയുമായിരുന്നു.

ശ്രീധരന്‍ പിള്ളയെ നിയോഗിക്കുന്നതില്‍ ആര്‍എസ്എസ് സ്വീകരിച്ച ഒരു നിലപാട് നിര്‍ണായകമാവുകയും ചെയ്തു. ആര്‍എസ്എസ് ബിജെപിയ്ക്ക് നല്‍കിയ കുമ്മനത്തെ ആര്‍എസ്എസിനോട് ചോദിക്കാതെ ഗവര്‍ണര്‍ ആയി മാറ്റിയ ബിജെപി കേന്ദ്ര നടപടി മുന്നില്‍ നില്‍ക്കുന്നതിനാല്‍ ഇനി ആര്‍എസ്എസില്‍ നിന്നും ആരും വരില്ല. ആരെയും ആര്‍എസ്എസ് വിട്ടു നല്‍കില്ല. തീരുമാനം ബിജെപിയ്ക്ക് എടുക്കാം. പക്ഷെ കെ.സുരേന്ദ്രന്‍ വരരുത്. ഇതോടെയാണ് അമിത് ഷാ ആര്‍എസ്എസ് തീരുമാനം ഉള്‍ക്കൊണ്ട് അടുത്ത സ്വീകാര്യന്‍ എന്ന നിലയില്‍ ശ്രീധരന്‍ പിള്ളയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കുന്നത്.

പക്ഷെ കഴിഞ്ഞ രണ്ടു മാസവും ബിജെപി കേന്ദ്ര നേതൃത്വം കാക്കുകയായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് ആയി കെ.സുരേന്ദ്രനെ നിയമിക്കാനുള്ള സമവായത്തിന്നായി. ആര്‍എസ്എസ് നീക്കം മൂലം അതുണ്ടാകില്ലെന്നു ബോധ്യമായപ്പോഴാണ് ശ്രീധരന്‍ പിള്ളയ്ക്ക് മുന്നില്‍ പച്ചക്കൊടി ഉയര്‍ന്നത്. ബിജെപിയ്ക്ക് യൗവനയുക്തമായ ഒരു മുഖം, കെ.സുരേന്ദ്രന്റെ മുഖം നല്‍കാന്‍ വേണ്ടി യാണ്   കേന്ദ്ര  ബിജെപി നേതൃത്വം ശ്രമിച്ചത്.

കേരളത്തില്‍ തൊട്ടതിലെല്ലാം പിഴച്ച അമിത് ഷായ്ക്ക് കെ.സുരേന്ദ്രന്റെ കാര്യത്തിലും പിഴച്ചു. വി.മുരളീധരന് എതിരെ കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം കടുത്ത എതിര്‍ നിലപാടുമായി നിലകൊണ്ടതോടെ മുരളീധര ചേരിയിലുള്ള കെ.സുരേന്ദ്രന്റെ അവസരം വെട്ടിമാറ്റപ്പെടുകയും ചെയ്തു. വി.മുരളീധരനോട് കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം പൊറുക്കുകയില്ലെന്ന സൂചന കൂടി ശ്രീധരന്‍ പിള്ളയുടെ പുതിയ പദവിയ്ക്ക് പിന്നിലുണ്ട്.

കേരളത്തിലെ ആര്‍എസ്എസ് നേതൃത്വത്തിനു ഒരിക്കലും അഭികാമ്യനായ നേതാവ് ആയിരുന്നില്ല പി.എസ്.ശ്രീധരന്‍ പിള്ള.  ഇത് നന്നായറിയാവുന്ന ഒരാള്‍ പിള്ള തന്നെയാണ്. എന്നിട്ടും പിള്ള തന്നെ പ്രസിഡന്റ് ആയി വന്നെങ്കില്‍ അതിലും വലിയ വിദ്വേഷം വി.മുരളീധരനോട് ആര്‍എസ്എസ് നേതൃത്വത്തിനു ഉണ്ട് എന്ന് തന്നെയാണ് ഉത്തരം.

പിള്ളയ്ക്ക് ഉണ്ട് എന്ന് പറയപ്പെടുന്ന പൊതുസമ്മിതി, ജനകീയ മുഖം ഇതൊന്നും  ആര്‍എസ്എസിന് മുന്നില്‍ വിലപ്പോകില്ല. ഇത് അന്വേഷിച്ചാല്‍ ആര്‍എസ്എസ് നേതൃത്വം രഹസ്യമായി പ്രതികരിച്ചേക്കും. ഇത് വോട്ടായി മാറുമോ? അവര്‍ തന്നെ മറുപടിയും പറയും. വോട്ടായി മാറില്ല. പിന്നെ ഈ പൊതുസമ്മിതിയ്ക്ക് പുറകില്‍ എന്ത്? ഈ പൊതുസമ്മിതി എന്തിനാണ്? ഇവിടെ പിള്ളയുടെ ഗ്രാഫ് ഉയര്‍ന്നതിന് പിന്നില്‍ കുമ്മനത്തെ നാടു കടത്താന്‍ വി.മുരളീധരന്‍ എടുത്ത തീരുമാനം തന്നെയാണ്.

കുമ്മനത്തെ മാറ്റിയതിനു പിന്നിലെ  കരുനീക്കങ്ങള്‍  വ്യക്തമായി അറിയാവുന്നതിനാലാണ്  വി.മുരളീധരനെ ബഹിഷ്ക്കരിക്കാന്‍ രഹസ്യ തീരുമാനം ആര്‍എസ്എസ്  കൈക്കൊണ്ടത്.  അതിനു ഉത്തമ ഉദാഹരണമാണ് വി.മുരളീധരന്‍ നേമം റെയില്‍വേ ടെര്‍മിനല്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ സ്ഥലം ബിജെപി എംഎല്‍എയായ ഒ.രാജഗോപാല്‍ വിട്ടു നിന്നത്.

നേമം ടെര്‍മിനല്‍ എന്ന് ഉറക്കത്തില്‍ പോലും പറയുന്ന ഒ.രാജഗോപാല്‍ നേമം ടെര്‍മിനല്‍ പദ്ധതിയെ പിന്നില്‍ നിന്നും കുത്തില്ല. എന്നിട്ടും ഒ.രാജഗോപാല്‍ ഒഴിഞ്ഞു നിന്നപ്പോള്‍ സംഘ പരിവാര്‍ രാഷ്ട്രീയം എങ്ങോട്ട് ചലിക്കുന്നു എന്നതിന് രൂപരേഖയാവുകയാണ്. ഇതേ ആര്‍എസ്എസ് തീരുമാനം തന്നെയാണ് ശ്രീധരന്‍ പിള്ളയെ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ കൊണ്ടെത്തിക്കുകയും ചെയ്തത്. ഇപ്പോള്‍ പരിവാര്‍ രാഷ്ടീയത്തിലെ എല്ലാ കണ്ണുകളും പിള്ളയുടെ നേര്‍ക്കാണ്.     പിള്ള എങ്ങിനെ ഈ  പാര്‍ട്ടിയെ   നയിക്കും എന്നതിലാണ് ഇപ്പോള്‍ ആര്‍എസ്എസ്    നേതൃത്വവും  ബിജെപിയിലെ ശക്തമായ ഗ്രൂപ്പുകളും ഉറ്റുനോക്കുന്നത്.