ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും ഉടന്‍ തന്നെ അദ്ദേഹം കരുത്തനായി ജീവിതത്തിലേക്ക് മടങ്ങിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കരുണാനിധി ചികിത്സയില്‍ കഴിയുന്ന കാവേരി ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കരുണാനിധി നല്ലൊരു പോരാളിയാണ്. ഒരുപാട് സമരങ്ങള്‍ നടത്തിയിട്ടുള്ള ആളുമാണ് കരുണാനിധി. ഇപ്പോള്‍ അദ്ദേഹം രോഗവുമായുള്ള സമരത്തിലാണ്. ഈ സമരവും അദ്ദേഹം വിജയിക്കും. എത്രയും വേഗം തന്നെ സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരട്ടെയെന്ന് ആശംസിക്കുന്നു. കരുണാനിധിയുടെ മകന് സ്റ്റാലിനുമായും മകള്‍ കനിമൊഴിയുമായി സംസാരിച്ചിരുന്നു. കരുണാനിധിയുടെ ആരോഗ്യനില നല്ലപോലെ മെച്ചപ്പെട്ടുവെന്ന് ഇരുവരും തന്നെ അറിയിച്ചുവെന്നും പിണറായി വെളിപ്പെടുത്തി. കരുണാനിധിയെ കണ്ടുവോയെന്ന ചോദ്യത്തിന് പിണറായി മറുപടി പറഞ്ഞില്ല.