തിരുവനന്തപുരം: മലയാള സിനിമയിലെ ഡബിംഗ് ആർട്ടിസ്റ്റ് വട്ടിയൂർക്കാവ് ലേക് വ്യു ലെയ്ൻ പ്രയാഗിൽ അമ്പിളി (51) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു തൈക്കാട് ശാന്തികവാടത്തിൽ. കാൻസർ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
പഴയകാല നടിയും ഡബിങ് ആർട്ടിസ്റ്റുമായിരുന്ന പാലാ തങ്കത്തിന്റെ മകളാണ്. നടിമാരായ മോനിഷ, ശാലിനി, ജോമോൾ. പാർവതി, വാണി വിശ്വനാഥ്, രംഭ തുടങ്ങിയവരടക്കമുള്ളവരുടെ അഞ്ഞൂറോളം സിനിമകൾക്ക് അമ്പിളി ശബ്ദം നൽകിയിട്ടുണ്ട്. വട്ടിയൂർക്കാവിലെ വസതിയിൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. അന്തരിച്ച നടി മോനിഷയ്ക്കു വേണ്ടി ശബ്ദം നൽകിതോടെയാണു അമ്പിളി സിനിമ മേഖലയിൽ ശ്രദ്ധേയായത്.
മോനിഷയുടെ ആദ്യചിത്രമായ നഖക്ഷതങ്ങൾ മുതൽ അവസാനചിത്രം വരെ ഇവർക്കായി ശബ്ദം നൽകി. ഇരുപത്തിരണ്ടോളം അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. നടിമാരായ ശോഭന, മാതു എന്നിവർക്കായും വിവിധ ചിത്രങ്ങളിൽ പ്രവർത്തിച്ചു. ശാലിനി കുട്ടിയായി എത്തിയപ്പോഴും പിന്നീടു മുതിർന്നു നായികയായപ്പോഴും അമ്പിളിയാണ് ശബ്ദം നൽകിയത്. മക്കൾ: വൃന്ദ (എസ്ബിഐ), വിദ്യ (വിദ്യാർഥിനി), മരുമകൻ: അരവിന്ദ്.