പെരുമ്പാവൂരിലെ കൊലപാതകം: നിമിഷയുടെ കഴുത്തില്‍ 15 സെ.മീ നീളത്തില്‍ മുറിവ്‌; പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പുറത്ത്

0
29

എറണാകുളം: പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ വിദ്യാര്‍ഥിനി നിമിഷയുടെ പോസ്റ്റുമോര്‍ട്ടം വിവരങ്ങള്‍ പുറത്തുവന്നു. അക്രമിയുടെ വെട്ടേറ്റ് നിമിഷയുടെ കഴുത്തില്‍ 15 സെന്റിമീറ്ററിലേറെ നീളത്തില്‍ മുറിവുണ്ടായി. ഇതിലൂടെ അമിതമായി രക്തം വാര്‍ന്നുപോയി പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു.

മു​ത്ത​ശ്ശി​യു​ടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച അക്രമിയെ തടയാന്‍ ഓടിയെത്തിയ നിമിഷയുടെ കയ്യില്‍ വീട്ടില്‍ ഉപയോഗിക്കുന്ന കത്തി ഉണ്ടായിരുന്നു. ഇത് പിടിച്ചുവാങ്ങിയാണ് ഇതര സംസ്ഥാനക്കാരനായ പ്രതി നിമിഷക്ക് നേരെ വീശിയത്. ഒറ്റ വെട്ടിലുണ്ടായ നീളമേറിയ മുറിവാണ് മരണകാരണമായത്. കഴുത്തിലേറ്റ മുറിവിന് 15 സെന്റിമീറ്ററിലേറെ നീളമുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്.

ശ്വാസനാളത്തിലും അന്നനാളത്തിലും ഏറ്റ പരുക്ക് അതീവ ഗുരുതരമാണ്. ശ്വാസനാളം പ‍ൂര്‍ണമായും മുറിഞ്ഞുപോയി. മുറിവില്‍ നിന്ന് അമിതമായി രക്തസ്രാവം ഉണ്ടായി. രക്തം ശ്വാസനാളത്തിലേക്ക് ഇറങ്ങിയതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഫലമായി ആശൂപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.