ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടകളെപ്പോലെയെന്ന് ഇന്ദ്രന്‍സ്

0
33

പാലക്കാട്: സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന അവാര്‍ഡ് ജേതാവും മുതിര്‍ന്ന നടനുമായ ഇന്ദ്രന്‍സ് രംഗത്ത്. സിനിമയുമായി ബന്ധപ്പെട്ട ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇത്തരം ഫാന്‍സ് അസോസിയേഷനുകളെ പ്രോത്സാഹിപ്പിക്കരുത്. ഫാന്‍സിനോട് പഠിക്കാനും പണിയെടുക്കാനും താരങ്ങള്‍ നിര്‍ദ്ദേശിക്കണം. പുതുതലമുറയെങ്കിലും ഇക്കാര്യങ്ങള്‍ പിന്തുടരണം. സിനിമകള്‍ കൂവി തോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ടുവര്‍ഷമായി അവാര്‍ഡ് ലഭിക്കുന്നത് ഒതുങ്ങിപോകുമായിരുന്ന താരങ്ങള്‍ക്കാണ്. താനുള്‍പ്പെടെയുള്ള താരങ്ങള്‍ അവാര്‍ഡ് വാങ്ങുന്ന ചടങ്ങ് മികച്ച നിലയിലാകണമെന്നുണ്ട്.അതുകൊണ്ടാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിനെത്തണമെന്ന് ആഗ്രഹിക്കുന്നത്. മഹാനടന്മാര്‍ എത്തിയാല്‍ കൂടുതല്‍ ആളുകള്‍ വരും. അതുകൊണ്ടാണ് മോഹന്‍ലാലിനെപോലുള്ളവര്‍ ചടങ്ങിനെത്തണമെന്ന് താല്‍പര്യപ്പെടുന്നത്.

മോഹന്‍ലാല്‍ പങ്കെടുക്കരുത് എന്ന് കാണിച്ച്‌ നൂറോളം പേര്‍ ഒപ്പിട്ട നിവേദനം സര്‍ക്കാറിന് നല്‍കിയെന്ന് പറയുന്നതില്‍ അത്ഭുതമില്ല. ഓരോതാരത്തിനും അനുയായികളുണ്ട്. അവര്‍ വേറെ താരത്തെ ഇഷ്ടപ്പെടില്ല. അതിനാല്‍ ഒപ്പിടാന്‍ എത്രപേര്‍ വേണമെങ്കിലും ഉണ്ടാകും. താരസംഘടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് തോന്നുന്നില്ല. ദിലീപിനെ തിരിച്ചെടുത്തിട്ടില്ല. അങ്ങിനെ ഒരഭിപ്രായം സംഘടനാ യോഗത്തില്‍ വന്നു എന്നല്ലാതെ അതേക്കുറിച്ച്‌ ചര്‍ച്ച നടന്നിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.