ജലനിരപ്പ് ഉയര്‍ന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

0
30

പാലക്കാട്: വൃഷ്ടിപ്രദേശത്ത് മഴ കൂടിയ സാഹചര്യത്തില്‍ മലമ്ബുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ആറ് സെന്റീമീറ്റര്‍ കൂടിയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. നേരത്തെ മൂന്നു സെന്റീമീറ്ററായിരുന്നു ഉയര്‍ത്തിയിരുന്നത്. ഇതേത്തുടര്‍ന്ന് ഭാരതപ്പുഴയിലും കല്‍പാത്തിപ്പുഴയിലും ജലനിരപ്പ് ഉയരും. ഈ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മലമ്ബുഴയില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയത്. 115.06 മീറ്റര്‍ പരമാവധി നിരപ്പുള്ള ഡാമില്‍ നിലവില്‍ 115 മീറ്ററാണു ജലനിരപ്പ്. കൂടുതല്‍ വെള്ളം ഒഴുക്കുന്നതിനാല്‍ മലമ്ബുഴ ചെറുകിട ജലവൈദ്യുത പദ്ധതിയില്‍നിന്നുള്ള ഉല്‍പാദനവും ഇന്നാരംഭിക്കും.

അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.12 അടി പിന്നിട്ടു. വൃഷ്ടി പ്രദേശത്ത് മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍, കുറഞ്ഞ അളവില്‍ മാത്രമാണ് ഇപ്പോള്‍ ജലനിരപ്പ് ഉയരുന്നത്. 2398 അടിയിലെത്തിയാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കും. മഴ കുറഞ്ഞതിനാല്‍ ഈ അളവിലേക്ക് ജലനിരപ്പെത്താന്‍ ഏതാനും നാളുകള്‍ വേണ്ടി വരും. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.