വനിതാ ജ‌ഡ്‌ജി വേണമെന്ന ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ‘അമ്മ’യിലെ വനിതാ ഭാരവാഹികള്‍

0
40

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ പീഡനക്കേസിന്റെ വിചാരണ തൃശൂരിലെ ഉചിതമായ കോടതിയിലേക്ക് മാറ്റണമെന്നും വനിതാ ജഡ്ജി അദ്ധ്യക്ഷയായ കോടതി വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് പീഡനത്തിനിരയായ യുവനടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ താരസംഘടനയായ ‘അമ്മ’യിലെ വനിതാ ഭാരവാഹികള്‍ അപേക്ഷ നല്‍കി. ഹണി റോസ്,​ രചന നാരായണന്‍ കുട്ടി എന്നീ എക്സിക്യുട്ടീവ് അംഗങ്ങളാണ് അപേക്ഷ നല്‍കിയത്. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമ കേസുകള്‍ കൈകാര്യം ചെയ്യന്നതിന് വനിതാ ജഡ്‌ജിയാണ് ഉചിതമെന്ന് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ഈ ആവശ്യം ഉന്നയിച്ച്‌ നടി നല്‍കിയ ഹര്‍ജി ജില്ലയില്‍ വനിതാ ജഡ്ജിമാരില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തൃശൂര്‍ സെഷന്‍സ് പരിധിയിലേക്ക് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ടതും ഇതിനാലാണ്. പീഡനക്കേസുകള്‍ സാദ്ധ്യമെങ്കില്‍ വനിതാ ജഡ്ജിയുടെ കോടതിയില്‍ വിചാരണ നടത്തണമെന്ന് ക്രിമിനല്‍ നടപടി ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. ഈ അവകാശം കേസിലെ ഇരയെന്ന നിലയില്‍ തനിക്കുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യതയും അന്തസും സംരക്ഷിക്കപ്പെടണം. സ്വകാര്യത മൗലികാവകാശമാണെന്നും നടിയുടെ ഹര്‍ജിയില്‍ പറയുന്നു.

കേസിന്റെ വിചാരണയ്ക്കായി പ്രത്യേകം കോടതി സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് സമൂഹത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ്. മാത്രമല്ല, ഇരയുടെ സ്വകാര്യത നിലനിറുത്തുന്നതിന് വനിതാ ജഡ്ജി കേസ് പരിഗണിക്കുന്നതാണ് അഭികാമ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.