ന്യൂഡല്‍ഹി: പശു മോഷ്ടാവെന്ന് ആരോപിച്ച് ഹരിയാനയില്‍ യുവാവിനെ തല്ലിക്കൊന്നു. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയില്‍നിന്ന് 80 കിലോമീറ്റര്‍ മാത്രം അകലെ പല്വലിലായിരുന്നു സംഭവം. രാത്രിയില്‍ കണ്ട ആളെ കൈയും കാലും കെട്ടിയിട്ടശേഷം മൂന്നംഗസംഘം തല്ലിക്കൊല്ലുകയായിരുന്നു. തങ്ങളുടെ പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം.
കൊല്ലപ്പെട്ടയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ സഹോദരന്മാരായ മൂന്നു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.