ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ആലപ്പുഴയിലെത്തും. വെള്ളപ്പൊക്ക അവലോകന യോഗത്തിനെത്തുന്ന മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിച്ചേക്കില്ല. അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനാണു തീരുമാനം. മുഖ്യമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടത്തിനും പൊലീസിനും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
അതേസമയം അവലോകന യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രി കുട്ടനാട് സന്ദർശിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ ജില്ലയിലെ മൂന്നുമന്ത്രിമാരും സ്ഥലം എംഎല്‍എയും എത്താത്തതു കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
മന്ത്രി ജി. സുധാകരന് ആദ്യമായി വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശങ്ങളില്‍ വന്നത് കേന്ദ്രമന്ത്രിക്കൊപ്പമായിരുന്നു. സ്വന്തം വീടുള്‍പ്പെടുന്ന പ്രദേശമായിട്ടും തോമസ് ചാണ്ടി തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുയര്‍ന്നു.