പ്രതിഷേധങ്ങള്‍ ജനാധിപത്യ സ്ഥാപനങ്ങളുടെ അന്തസ് മാനിച്ചാവണമെന്ന് ഗവര്‍ണര്‍

0
24

തിരുവനന്തപുരം: നിയമനിര്‍മാണ സഭകള്‍ അടക്കമുള്ള ജനാധിപത്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ നേരിടുമ്ബോള്‍ പ്രതിഷേധ മാര്‍ഗങ്ങള്‍ സ്ഥാപനത്തിന്റെ അന്തസിനെ മാനിച്ച്‌ കൊണ്ടാകണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. പുതിയ പ്രശ്നങ്ങളെ നേരിടാന്‍ നൂതനമായ പ്രതിഷേധമാര്‍ഗങ്ങളാവാം. എന്നാല്‍ അവ ഒരിക്കലും ജനാധിപത്യസ്ഥാപനത്തിന്റെ അന്തസിനെയോ ബന്ധപ്പെട്ട സഭാംഗത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങളെയോ ഹനിച്ചു കൊണ്ടാകരുത്. ഭരണകക്ഷിയായാലും പ്രതിപക്ഷകക്ഷിയായാലും അവരുടെ അവകാശങ്ങളെ മാനിക്കേണ്ടതുണ്ടെന്നും നിയമസഭയില്‍ ജനാധിപത്യത്തിന്റെ ഉത്സവം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഗവര്‍ണര്‍ പറഞ്ഞു.

ജനാധിപത്യ പ്രക്രിയയില്‍ നിയമസഭാംഗത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. ഭാവിയില്‍ അംഗങ്ങളായി വരാന്‍ പോകുന്നവര്‍ക്ക് ഉന്നതമായ മാര്‍ഗദര്‍ശകമായിരിക്കണം ഒരംഗത്തിന്റെ പ്രവര്‍ത്തനം. സുസ്ഥിരവും ക്രിയാത്മകവും ചലനാത്മകവുമായ പാര്‍ലമെന്ററി പ്രക്രിയയാണ് ഇന്നേറ്റവും പ്രസക്തം. വഴിത്തിരിവായി മാറിയ നിരവധി നിയമനിര്‍മാണങ്ങളാല്‍ ശ്രദ്ധ നേടിയതാണ് കേരള നിയമസഭ. നിയമനിര്‍മാണ പ്രക്രിയകളുടെ ഉന്നത നിലവാരത്തെക്കുറിച്ച്‌ ജനങ്ങളെ ബോധവത്കരിക്കുന്നതിന് ഉയര്‍ത്തിക്കാട്ടാവുന്ന മികച്ച മാതൃകയാണ് കേരളനിയമസഭ.

ഒരു സാധാരണ പൗരന്‍ ജനാധിപത്യ മൂല്യങ്ങളെയും സാംസ്കാരിക വൈവിദ്ധ്യത്തെയും മാനിക്കുകയും ന്യായമായ അവകാശങ്ങള്‍ക്കായി നിലകൊള്ളുകയും വിഭാഗീയവും വര്‍ഗീയവുമായ ചിന്തകള്‍ക്ക് വഴിപ്പെടാതിരിക്കുകയും ചെയ്യുമ്ബോഴാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം കൊണ്ടാടപ്പെടുക. സമൂഹത്തെ ആ നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതാകണം നമ്മുടെ ദൗത്യം. പാര്‍ലമെന്റിനെ പോലെ നിയമസഭയും സര്‍വകലാശാലയ്ക്ക് തുല്യമാണ്. ഓരോ അംഗവും അവിടെ വിദ്യാര്‍ത്ഥികളാണ്.

ജനങ്ങളുമായുള്ള നിരന്തര സംവാദത്തിലൂടെ അവരുടെ വിവിധങ്ങളായ വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച്‌ അവിടെ അവതരിപ്പിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.