കൊച്ചി: വിദ്യാലയങ്ങളില്‍ അമിത ഫീസ് ഈടാക്കുന്നതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും എന്തു നടപടിയെടുക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഹൈക്കോടതി. സ്കൂള്‍ ഫീസുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് എറണാകുളം ചേപ്പനത്തെ ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിറും അഞ്ചു രക്ഷിതാക്കളും നല്കിയ ഹര്‍ജികള്‍ പരിഗണിച്ച സിംഗിള്‍ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടികള്‍ക്ക് നല്കുന്ന സൗകര്യം, സേവനം എന്നിവയോടു യോജിക്കാത്ത തരത്തിലാണ് ഫീസ് ഈടാക്കുന്നതെങ്കില്‍ അത്തരം സ്കൂളുകള്‍ ലാഭത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നു കോടതി പറഞ്ഞു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. വിദ്യാലയങ്ങളിലെ ഫീസ് നിയന്ത്രിക്കാനുള്ള അധികാരവും ഇതിലുള്‍പ്പെടും. ഇക്കാരണത്താല്‍ തന്നെ സര്‍ക്കാരിന് ഇടപെടാനാവും. ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാന്‍ നിലവില്‍ സംസ്ഥാനത്ത് സംവിധാനമില്ല. വിദ്യാദാനത്തെ കാരുണ്യപ്രവര്‍ത്തനമായി കാണണം. വിദ്യാലയത്തിന്റെ പുരോഗതിയൊഴികെയുള്ള ലാഭേച്ഛ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഫീസ് ഘടന നിയന്ത്രിക്കുന്നതിനുള്ള സംവിധാനം സര്‍ക്കാരാണ് ഉണ്ടാക്കേണ്ടത്. വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സേവനവും സൗകര്യവും കണക്കിലെടുത്താണ് ഫീസ് നിശ്ചയിക്കേണ്ടത്. വിദ്യാലയങ്ങള്‍ എത്ര തുക ഫീസ് ഈടാക്കണമെന്ന് പറയാന്‍ കോടതിക്കു കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഓരോ സ്കൂളും ഈടാക്കുന്ന ഫീസ് നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് പരിശോധിക്കാന്‍ ഹര്‍ജിയില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കുന്നതിനു കോടതി ഉത്തരവിട്ടു.