കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; ആശുപത്രിയിൽ തടിച്ചുകൂടി പ്രവർത്തകർ

0
26

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലാണ്. തീവ്ര പരിചരണവിഭാഗത്തിൽ ചികിൽസ തുടരുന്നുണ്ടെങ്കിലും പ്രായാധിക്യം കാരണം മരുന്നുകളോടുള്ള പ്രതികരണം ആശാവഹമല്ലെന്ന് കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുളളറ്റിനിൽ പറയുന്നു.

24 മണിക്കൂർ നിരീക്ഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാകൂവെന്നാണ് തിങ്കളാഴ്ച വൈകിട്ട് 6.30 ന് പുറത്തിറക്കിയ ബുള്ളറ്റിൻ വിശദീകരിക്കുന്നത്.
തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണു കരുണാനിധി.

ആശുപത്രിയിൽ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയെന്നു കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച വൈകിട്ട് അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നു കാട്ടി മെഡിക്കൽ ബുളളറ്റിൻ പുറത്തുവന്നത്. ആശുപത്രി പരിസരത്തേക്കു പ്രവർത്തകർ തള്ളിക്കയറിയതോടെ സുരക്ഷ ശക്തമാക്കി. അറുന്നൂറോളം പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.

രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ‌ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ചലച്ചിത്രതാരങ്ങളായ രജനീകാന്ത്, കമൽഹാസൻ, വിജയ് തുടങ്ങിയവർ അദ്ദേഹത്തെ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.