കനത്ത മഴ: അരുവിക്കര, പേപ്പാറ ഡാമുകള്‍ തുറക്കും; ജാഗ്രത നിര്‍ദ്ദേശം

0
29

തിരുവനന്തപുരം: ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ അരുവിക്കര, പേപ്പാറ ഡാമുകളില്‍ ജലനിരപ്പ് അപകടകരമാവിധം ഉയര്‍ന്നുവെന്നും ഷട്ടറുകള്‍ തുറക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതിനാല്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ രാത്രി മുതല്‍ തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇതേതുടര്‍ന്നാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്.

മഴ തുടരുന്നതോടെ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറന്നിരുന്നു. മലങ്കര അണക്കെട്ടിന്‍റെ നാലാമത്തെ ഷട്ടര്‍ 50 സെന്‍റീമീറ്റര്‍ ഉയര്‍ത്തി. പെരിയാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് ചൊവ്വാഴ്ച രാത്രി വൈകിയും മഴ പെയ്തതിനേത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഷട്ടര്‍ ഉയര്‍‌ത്താന്‍ തീരുമാനിച്ചത്.

ഇടമലയാർ അണക്കെട്ട് നാളെ തുറന്നേക്കും. റെഡ് അലർട്ട് പ്രഖ്യാപിച്ചു. 164 ഘനമീറ്റർ വെള്ളം തുറന്നുവിടും. അഞ്ചു മണിക്കൂറിനുള്ളിൽ വെള്ളം ആലുവയിലെത്തും. രാവിലെ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് എത്തിയിരുന്നു. രാവിലെ 11ന് എടുത്ത റീഡിങ്ങിൽ ജലനിരപ്പ് 168.21 മീറ്ററായി. 169 മീറ്ററാണ് പരമാവധി ശേഷി. ഇതോടെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യത്തിലെത്തിയത്‌.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ഉയര്‍ന്നു. 2,396.62 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇത് 2,397 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് നേരത്തെ വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചിരുന്നു.