കരുണാനിധിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര മറീന ബീച്ചിലെത്തി

0
23

ചെന്നൈ: കലൈഞ്ജര്‍ കരുണാനിധിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര മറീന ബീച്ചിലെത്തി. ചെന്നൈ മറീന ബീച്ചില്‍ അണ്ണാ സമാധിക്ക് സമീപമാണ് കരുണാനിധിക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.

രാജാജി ഹാളില്‍ നിന്ന് നാലുമണിക്കാണു വിലാപയാത്രയ്ക്കു തുടക്കമായത്. വൈകിട്ട് ആറിന് മറീന ബീച്ചില്‍ അണ്ണാ സമാധിക്കു സമീപമാണ് കരുണാനിധിയുടെ സംസ്‌കാരം നടക്കുക. അണ്ണാ സമാധിയുടെ സമീപത്തായി സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.

അര്‍ധരാത്രിയും പകലും നീണ്ടുനിന്ന പോരാട്ടത്തിലൂടെയാണ് മറീന ബീച്ചില്‍ കരുണാനിധിക്ക് അന്ത്യവിശ്രമത്തിനുള്ള അനുമതി ലഭിച്ചത്. പൊതുദര്‍ശനത്തിനുള്ള സമയം അവസാനിക്കുമ്ബോഴും ആയിരങ്ങളാണ് തങ്ങളുടെ തലൈവരെ ഒരുനോക്കുകാണാനായി കാത്തിരിക്കുന്നത്. കലൈഞ്ജര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി രാജാജി ഹാളിനു മുന്നിലേക്ക് പുലര്‍ച്ചെ മുതല്‍ തന്നെ പ്രവര്‍ത്തകരുടെ പ്രവാഹമായിരുന്നു. ഉച്ചയ്ക്ക് രാജാജി ഹാളിന് മുന്നില്‍ നിന്ന് പൊലീസിനെ പിന്‍വലിച്ചതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ വന്‍തോതില്‍ തള്ളിക്കയറിയത് സ്ഥിതി വഷളാക്കി. തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.