ഇപി ജയരാജനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് അധാര്‍മികതയെന്ന് രമേശ് ചെന്നിത്തല

0
38

തിരുവനന്തപുരം: ഇപി ജയരാജനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനുള്ള നീക്കം അധാര്‍മികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം നടത്തിയ അഴിമതി എല്ലാവര്‍ക്കുമറിയാം. ഇപി ജയരാജന്‍ അഴിമതി നടത്തിയതായി അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ അന്വേഷണം നടത്തി കണ്ടെത്തിയതാണ്. അതിനാലാണല്ലോ സിപിഐഎം കേന്ദ്രകമ്മിറ്റി അദ്ദേഹത്തെയും പികെ ശ്രീമതി ടീച്ചറെയും താക്കീത് ചെയ്തതെന്നും ചെന്നിത്തല ചോദിച്ചു.

ഇപി ജയരാജന്‍ സിപിഐഎം സംസ്ഥാനസെക്രട്ടറിയേറ്റ് യോഗത്തില്‍ തെറ്റ് സമ്മതിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തിലും പറഞ്ഞിരുന്നു. ഇപ്പോഴാകട്ടെ വിജിലന്‍സ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെന്നാണ് പറയുന്നത്. പാര്‍ട്ടി അന്വേഷിച്ചപ്പോള്‍ തെറ്റുകാരനായി കണ്ടെത്തിയയാള്‍ വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ എങ്ങനെ തെറ്റുകാരനല്ലാതായി? വിജിലന്‍സ് എന്ന സാധനം ഇപ്പോള്‍ ഉണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.

ലോക്‌നാഥ്ബെഹ്‌റയ്ക്ക് വിജിലന്‍സിന്റെ ചുമതല നല്‍കിയതോടെ എല്ലാ കേസുകളും എഴുതിത്തള്ളുകയാണ് ചെയ്തത്. കേസുകള്‍ അട്ടിമറിക്കുന്ന ഏജന്‍സിയായി വിജിലന്‍സ് മാറിക്കഴിഞ്ഞുവെന്നതിന്റെ തെളിവാണിത്. ഇപി ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രതിപക്ഷം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.