ബിജെപി അധികാരത്തില്‍ എത്തുന്നിടത്തെല്ലാം ദലിതരെ അടിച്ചമര്‍ത്തുകയാണെന്ന് രാഹുല്‍ ഗാന്ധി

0
21

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദലിത് വിരുദ്ധ മനോഭാവമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി അധികാരത്തില്‍ എത്തുന്നിടത്തെല്ലാം ദലിതരെ അടിച്ചമര്‍ത്തുകയും ആക്രമിക്കുകയുമാണെന്നും രാഹുല്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിന്താഗതികള്‍ ദലിത് വിരുദ്ധമാണ്. രാജ്യത്തെ എല്ലാ ദുര്‍ബല വിഭാഗക്കാര്‍ക്കും ദലിതര്‍ക്കും അറിയാവുന്ന കാര്യമാണ് അവര്‍ക്ക് പ്രധാനമന്ത്രിയുടെ ഹൃദയത്തില്‍ സ്ഥാനമില്ല എന്നത്, അവരെ അടിച്ചമര്‍ത്താനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നു എന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ഞങ്ങള്‍ പോരാടുന്നത്. രാഹുല്‍ ഗാന്ധി പറഞ്ഞു. എസ്‌സി-എസ്ടി അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്തുന്നതിനെതിരെ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുപോലൊരു ഇന്ത്യയെ നമുക്ക് വേണ്ട. ദലിതരും, പാവപ്പെട്ടവരും ന്യൂനപക്ഷങ്ങളും പുരോഗതി കൈവരിക്കുന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെയാണ് നമുക്ക് വേണ്ടത്. അതിനുവേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.