വടക്കൻ ജില്ലകളിലെ മലയോരമേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും

0
34

കല്‍പ്പറ്റ: തോരാത്ത മഴയില്‍ വടക്കൻ ജില്ലകളിലെ മലയോരമേഖലകളിൽ പലയിടത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലും. വയനാട് വൈത്തിരി പോലീസ് സ്റ്റേഷന് സമീപം ഉരുൾപൊട്ടിയതിനെ തുടർന്ന് പോലീസ് സ്റ്റേഷൻ ഭാഗീകമായി തകർന്നു. സ്റ്റേഷനുള്ളിൽ മണ്ണ് നിറഞ്ഞു കിടക്കുകയാണ്.

പോലീസ് സ്റ്റേഷന് സമീപമുള്ള ലക്ഷംവീട് കോളനിയിൽ ഒരു സ്ത്രീ മണ്ണിനടിയിൽപ്പെട്ടു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. റോഡിലേക്ക് മണ്ണ് ഒലിച്ച് എത്തിയതിനെ തുടർന്ന് കോഴിക്കോട്-മൈസൂർ പാതയിൽ വാഹന ഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. നേരത്തേ, കുറ്റ്യാടി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു.

കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ കണ്ണപ്പൻകുണ്ടിലും ഉരുൾപൊട്ടി. ഒരു കുട്ടിയെ കാണാതാകുകയും ചെയ്തു. ഒരു കാർ ഒലിച്ചുപോയതായും റിപ്പോർട്ടുണ്ട്. മലപ്പുറം കാളികാവ് കരുവാരക്കുണ്ടിലും ഉരുൾപൊട്ടലുണ്ടായി. മഴ ശക്തമായതിനെ തുടർന്ന് ഇവിടങ്ങളിൽനിന്നും നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ്.