മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത് മൂന്ന് സെന്റിമീറ്ററാക്കി; കല്‍പാത്തിപ്പുഴ-ഭാരതപ്പുഴ ജലനിരപ്പ് താഴ്ന്നു

0
29


പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത് മൂന്ന് സെന്റിമീറ്ററാക്കി കുറച്ചതിനാല്‍ കല്‍പാത്തിപ്പുഴയിലെയും ഭാരതപ്പുഴയിലെയും ജലനിരപ്പ് താഴ്ന്നു. എങ്കിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനില്‍ക്കുന്നു. പാലക്കാട് ജില്ലയില്‍ മഴ കുറഞ്ഞെങ്കിലും വെള്ളം കയറിയ പ്രദേശങ്ങളില്‍ ദുരിതം തുടരുകയാണ്.

മിക്കയിടത്തും വെള്ളക്കെട്ടൊഴിഞ്ഞെങ്കിലും അപകടഭീഷണി ഒഴിഞ്ഞിട്ടില്ല. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദുരിത ബാധിത പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മലമ്പുഴ കുടിവെള്ള പദ്ധതി താറുമാറായതിനാല്‍ ടാങ്കര്‍ ലോറിയിലാണ് ശുദ്ധജലം വിതരണം ചെയ്യുന്നത്. ജില്ലയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പട്ടാമ്പി പാലത്തിലൂടെയുള്ള ഗതാഗത നിരോധനം നീക്കി.

ശിരുവാണി ഡാം ഷട്ടറുകള്‍ വെള്ളിയാഴ്ച വൈകീട്ട് തുറന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ കലക്ടര്‍ ഡി. ബാലമുരളി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മന്ത്രി എ.കെ. ബാലന്‍ ഇന്ന് അവലോകന യോഗത്തില്‍ പങ്കെടുക്കും. ഷാഫി പറമ്പില്‍ എം.എല്‍.എയും പ്രാദേശിക ജനപ്രതിനിധികളും ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.